കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം സംസ്ഥാനത്തിന്റെ 43-ാമത് ചീഫ് സെക്രട്ടറിയാകും.
തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ നാളെ വിരമിക്കും. 1981 ബാച്ചില്‍പ്പെട്ട നളിനി നെറ്റോ കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്. 1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്.
നിലവില്‍ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും കേരള ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) സി.ഇ.ഒയുമാണ്. ചീഫ് സെക്രട്ടറി ആയാലും കിഫ്ബിയുടെ സി.ഇ.ഒ സ്ഥാനത്ത് എബ്രഹാം തുടരും.
നാലുമാസം മാത്രമേ എബ്രഹാമിന് കാലാവധി ഉള്ളൂവെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്.
എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മന്ത്രിസഭാ യോഗം ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മനോജ് ജോഷിയെ നിയമിച്ചിരുന്നു. എബ്രഹാം വിരമിക്കുമ്പോള്‍ ഡോ. അമരേന്ദ്രകുമാറോ അരുണ സുന്ദര്രാജോ ചീഫ് സെക്രട്ടറിയാകും. ഇരുവരും ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നാളെ വിരമിക്കുന്ന നളിനി നെറ്റോയെ സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വിജിലന്‍സ് കമ്മിഷന്റെ തലപ്പത്ത് നിയമിക്കാനും മുഖ്യമന്ത്രിക്ക് ആലോചനയുണ്ട്.
വിജിലന്‍സ് കമ്മിഷന് രൂപീകരിക്കണമെന്ന ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറിയിട്ടുണ്ട്.
നിയമ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ മന്ത്രിസഭാ യോഗം വിജിലന്‍സ് കമ്മിഷന് രൂപീകരണം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."