മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു
മുംബൈ: കനത്ത മഴയെതുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. 2005നു ശേഷം ഇതാദ്യമാണ് ഇത്തരമൊരു മഴ നഗരത്തെ നിശ്ചലമാക്കുന്നത്.
ഇന്ത്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളംപോലും നിശ്ചലമാക്കുന്ന തരത്തിലാണ് ഇവിടെ മഴപെയ്തത്.
48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളം നിറഞ്ഞതോടെ റോഡ്, റെയില്‍ ഗതാഗതത്തേയും സാരമായി ബാധിച്ചു. ട്രെയിന്‍ സര്‍വിസുകളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്. സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ 10 മുതല്‍ 15 മിനിറ്റുവരെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടതോടെ മുംബൈ നഗരത്തിലെ ജനജീവിതത്തെയും സാരമായി ബാധിച്ചു.
പശ്ചിമ എക്‌സ്പ്രസ് ഹൈവേയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ തിങ്കള്‍ രാവിലെ എട്ടുവരെ 102 മി.മീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. വര്‍ളിയില്‍ 63.75 മി.മീറ്ററും ബൈക്കുളയില്‍ 78.21 മി.മീറ്ററും, ബന്ധപ്പില്‍ 90.63ഉം വിഖ്‌റോളിയില്‍ 111.96 മി.മീറ്ററും മഴ പെയ്തു. ഓഗസ്റ്റ് 28 മുതല്‍ 29 വരെയുള്ള മഴയുടെ കണക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുംബൈയിലുണ്ട്. അഞ്ച് സംഘങ്ങളെക്കൂടി ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അതിനിടയില്‍ ശക്തമായ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."