ദൈവത്തെപോലെ പൂജിക്കപ്പെട്ട ഗുര്‍മീത് വന്യമൃഗത്തെപ്പോലെ പെരുമാറിയെന്ന് ജഡ്ജി
ചണ്ഡീഗഡ്: ആശ്രമത്തിലെ അന്തേവാസിനികളെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ച സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരേ സി.ബി.ഐ കോടതി ജഡ്ജി നടത്തിയത് കടുത്ത പരാമര്‍ശങ്ങള്‍. 20 വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ട് ജഡ്ജ് പ്രഖ്യാപിച്ച വിധിന്യായത്തിലാണ് ഗുര്‍മീതിനെതിരേ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ദൈവത്തെ പോലെ പൂജിക്കപ്പെട്ട റാം റഹിം വന്യമൃഗത്തെ പോലെയാണ് അനുയായികളോട് പെരുമാറിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിങ്, സ്വന്തം ഭക്തരെ പോലും വെറുതെ വിടാതെ മൃഗത്തെ പോലെ പെരുമാറിയ റാം റഹിം ഒരുതരത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത ഗുര്‍മീതിന്റെ സ്വഭാവത്തില്‍ ദയ എന്നൊന്നില്ല. സ്വന്തം അനുയായികളെ പോലും ലൈംഗികമായി ചൂഷണം ചെയ്യാനും ഭീഷണിപ്പെടുത്താനും മടിയില്ലാത്ത ഇയാള്‍ക്ക് കോടതിയുടെ കരുണ ആവശ്യമില്ല.
തന്നെ ദൈവമായി പൂജിക്കുകയും അന്ധമായി വിശ്വസിക്കുകയും ചെയ്ത അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്തതിലൂടെ ഇയാള്‍ വെളിപ്പെടുത്തിയതിന്റെ ചൂഷണ സ്വഭാവമാണ്. ഒരു മത സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കാലങ്ങളായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്കെല്ലാം ദുഷ്‌പേരുണ്ടാക്കി. ഗുര്‍മീതിന്റെ പ്രവൃത്തികള്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് തന്നെ അപമാനകരമാണ്.
താന്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ കുറ്റവാളിക്ക് സാധിക്കുന്നതായിരിക്കണം ഓരോ ശിക്ഷാ വിധിയെന്നും വിവിധ സുപ്രിം കോടതി വിധികളെ ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.
ഈ വിധി കോടതിയിലുളള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും. ഇടക്കിടെ വിദേശ സന്ദര്‍ശനം നടത്തുന്ന ഗുര്‍മീതിന് സമ്പത്തിന് പഞ്ഞമില്ല. അതുകൊണ്ട് ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."