ഹാര്‍വെ: ആശങ്ക പെയ്‌തൊഴിയാതെ അമേരിക്ക; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 20 മരണം
ഹൂസ്റ്റണ്‍: യു.എസിലെ ഹാര്‍വെ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. കാറ്റും മഴയും ലൂസിയാനയിലേക്ക് നീങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദുരിതം വിതച്ച ടെക്‌സസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ പ്രളയഭീഷണി ഒഴിഞ്ഞിട്ടില്ല. ഇവിടെ ശക്തമായ മഴ തുടുരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥിതി ആശങ്കാജനകമാണ്. ടെക്‌സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയും ജയ്പൂര്‍ സ്വദേശിയുമായ നിഖില്‍ ബാട്ടിയ ആണ് മരിച്ചത്. നിഖില്‍ ബാട്ടിയും സുഹൃത്ത് ശാലിനി സിങും കഴിഞ്ഞദിവസം ടെക്‌സസിലെ ബ്രയാന്‍ തടാകത്തില്‍ നീന്താനായി പോയിരുന്നു. തുടര്‍ന്ന് ഇരുവരും അപകടത്തില്‍പ്പെടുകയായിരന്നു. പരുക്കേറ്റ ഡല്‍ഹി സ്വദേശിനിയായ ശാലിനി സിങ് ചികിത്സയിലാണ്. തടാകത്തില്‍ ഇരുവരും നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇരുവരും ആഴത്തില്‍പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതിനിടെ, വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ 200 വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മറ്റു വസ്തുക്കളും എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ വംശജര്‍ ഹൂസ്റ്റണില്‍ പ്രളയക്കെടുതി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 36 മണിക്കൂറിനിടെ ന്യൂ ഒര്‍ലന്‍സില്‍ 25 സെ.മി മഴയാണ് ലഭിച്ചത്.
2005 ലെ കത്രീന ചുഴലിക്കാറ്റിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ നാശംവിതയ്ക്കുന്ന ചുഴലിക്കാറ്റുണ്ടാകുന്നത്. ടെക്‌സസ് നഗരത്തിലെ വലിയ ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെ 20 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ടെക്‌സസിലെ മഴ റെക്കോര്‍ഡ് ഭേദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ 52 ഇഞ്ച് മഴയാണ് ഇവിടെ പെയ്തത്. അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ട്രംപും പ്രഥമവനിത മെലാനിയയും ഇന്നലെ ചുഴലിക്കാറ്റ് തീരംതൊട്ട കോര്‍പസ് ക്രിസ്റ്റിയിലെത്തി.
ഇവിടെ വെള്ളിയാഴ്ച വലിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാല്‍ ട്രംപ് ഹൂസ്റ്റണ്‍ സന്ദര്‍ശിക്കില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റിന്റെ സന്ദര്‍ശനം ബാധിക്കുമെന്നതിനാലാണിതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ടെക്‌സസിലും ലൂസിയാനയിലും അടിയന്തരാവസ്ഥയ്ക്കും ട്രംപ് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."