മന്ത്രിസഭയുടെ അനുമതി കാത്ത് തിരുവമ്പാടി വിമാനത്താവളം
കോഴിക്കോട്: സര്‍ക്കാര്‍ നിയോഗിച്ച സംഘം സാധ്യതാ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തിരുവമ്പാടി വിമാനത്താവളത്തിനു മുന്‍പിലുള്ള അടുത്ത കടമ്പ മന്ത്രിസഭയുടെ അനുമതി. സംസ്ഥാന മന്ത്രിസഭാ യോഗം കൂടി നിര്‍ദിഷ്ട തിരുവമ്പാടി വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ മലയോര മേഖലയുടെ പറക്കല്‍ മോഹം വൈകാതെ സാധ്യമാകും. സാധ്യതാപഠനത്തിനായി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി വിമാനത്താവളത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് അറിയുന്നത്.
അടുത്ത വര്‍ഷം ആദ്യത്തോടെ യാഥാര്‍ഥ്യമാകുന്ന കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിനേയും കരിപ്പൂര്‍ വിമാനത്താവളത്തിനേയും ബാധിക്കില്ലെന്ന റിപ്പോര്‍ട്ടാണ് സാധ്യതാ പഠനം നടത്തിയ സംഘം നല്‍കിയതെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് തിരുവമ്പാടി വിമാനത്താവളം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം വൈകാതെ കിട്ടുമെന്ന പ്രതീക്ഷ ആക്ഷന്‍ കമ്മിറ്റിക്കുളളത്.
മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ആരേയും കുടിയൊഴിപ്പിക്കാതെ തിരുവമ്പാടിയില്‍ 2165 ഏക്കര്‍ ഭൂമി ലഭ്യമാണ്. 2011ല്‍ വിദഗ്ധ സംഘം പരിശോധിച്ച് ഏറ്റവും അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഭൂമിയാണ് തിരുവമ്പാടി എസ്‌റ്റേറ്റ്.
മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും തത്വത്തില്‍ അംഗീകാരം നല്‍കിയതിന്റെ രേഖകള്‍, സൈറ്റ് പ്ലാന്‍ സമര്‍പ്പിക്കാനുള്ള അപേക്ഷ സഹിതം മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും സമര്‍പ്പിച്ചിരുന്നു. കൗണ്‍സില്‍ പ്രസിഡന്റും മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി ചീഫ് കോര്‍ഡിനേറ്ററുമായ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധ സംഘത്തെകൊണ്ട് സാധ്യതാപഠനം നടത്തിയത്. ഇന്ന് വീണ്ടും മുഖ്യമന്ത്രി ജില്ലയില്‍ എത്തുമ്പോള്‍ തിരുവമ്പാടി വിമാനത്താവളം സംബന്ധിച്ചുള്ള പ്രതീക്ഷ ഏറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."