കരസേന പരിഷ്‌കരിക്കുന്നു; 57,000 സൈനികരെ പുനര്‍വിന്യസിക്കും
ന്യൂഡല്‍ഹി: കരസേനയില്‍ ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സൈന്യത്തെ കൂടുതല്‍ പ്രയോജനവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലെഫ്. ജനറല്‍ ഷേകത്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റമുണ്ടാവുക.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് കരസേനയില്‍ ഇത്തരമൊരു അഴിച്ചു പണി വരുന്നതെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദോക് ലാമില്‍ ചൈനയുമായി നിലനിന്നിരുന്ന സംഘര്‍ഷമല്ല പരിഷ്‌കരണത്തിന് പ്രചോദനമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജെയ്റ്റ്‌ലി പ്രതികരിച്ചു. 2016 ഡിസംബറിലാണ് ഷേകത്കാര്‍ കമ്മിറ്റി സര്‍ക്കാരിന് ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇത് കുറച്ചുകാലമായി സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
99 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്. ഇതില്‍ 65 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. അടിമുതല്‍ മുടി വരെയുള്ള പരിഷ്‌കാരങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു. ആദ്യഘട്ടത്തില്‍ വിവിധ തസ്തികകള്‍ പുനഃക്രമീകരിക്കും. ഓഫീസര്‍മാര്‍, ജെ.സി.ഒ., മറ്റ് റാങ്കുകളിലുള്ള സൈനികര്‍ തുടങ്ങി അമ്പത്തിയേഴായിരം തസ്തികകളാണ് പുനര്‍വിന്യസിക്കുന്നത്. യുദ്ധക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2019 ഡിസംബറിനുമുമ്പ് നവീകരണനടപടികള്‍ പൂര്‍ത്തിയാക്കും.
റേഡിയോ മോണിറ്ററിങ് കമ്പനി, എയര്‍സപ്പോര്‍ട്ട് സിഗ്‌നല്‍ റെജിമെന്റ്, കോമ്പോസിറ്റ് സിഗ്‌നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്‌നല്‍ റെജിമെന്റുകള്‍ സംയോജിപ്പിച്ച് സിഗ്‌നല്‍സംവിധാനം മെച്ചപ്പെടുത്തും. കരസേന വര്‍ക്ഷോപ്പുകള്‍ പുനഃസംഘടിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും. കരസേനയിലേക്കുള്ള ക്ലറിക്കല്‍ ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും തെരഞ്ഞെടുപ്പില്‍ നിലവാരം കൂട്ടുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."