മന്ത്രി ഇടപെട്ടു; അച്ചാംതുരുത്തി മണല്‍ക്കടവ് അടച്ചുപൂട്ടില്ല
ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി മണല്‍ക്കടവ് സെപ്റ്റംബര്‍ ഒന്നു മുതല്‍ അടച്ചിടാനായിരുന്നു കണ്‍സര്‍വേറ്ററുടെ ഉത്തരവ്
ചെറുവത്തൂര്‍: അച്ചാംതുരുത്തി മണല്‍ക്കടവ് അടച്ചു പൂട്ടാനുള്ള തീരുമാനം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പിന്‍വലിച്ചു. തുറമുഖ വകുപ്പ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ വിവാദ ഉത്തരവാണു പിന്‍വലിച്ചത്. ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി മണല്‍ക്കടവ് സെപ്റ്റംബര്‍ ഒന്നു മുതല്‍ അടച്ചിടാനായിരുന്നു കണ്‍സര്‍വേറ്ററുടെ ഉത്തരവ്. ഇതു നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശവും നല്‍കിയിരുന്നു.
ദിവസവും 100 ടണ്‍ മണല്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കാന്‍ ഈ കടവിനു സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞാണു കടവ് അടച്ചിടാന്‍ പഞ്ചായത്തു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ തീരുമാനത്തിനെതിരേ പഞ്ചായത്ത് ഭരണസമിതി രംഗത്തു വന്നു.
കണ്‍സര്‍വേറ്ററുടെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമര പരിപാടിയും ആസൂത്രണം ചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, സി.പി.എം ജില്ലാ സെക്രട്ടറി കെ. പി സതീഷ്ചന്ദ്രന് എന്നിവര്‍ തിരുവനന്തപുരത്ത് എത്തി തുറമുഖവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ നേരിട്ടു കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു കടവു പൂട്ടില്ലെന്നു മന്ത്രി ഉറപ്പും നല്‍കുകയായിരുന്നു.
മന്ത്രിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു കടവ് അടച്ചിടേണ്ടതില്ലെന്നും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കാമെന്നും അറിയിക്കുകയായിരുന്നു. തുറമുഖവകുപ്പിനു കീഴിലുള്ള കടവുകള്‍ അതാതു പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു പാലിച്ചു ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഏക പഞ്ചായത്താണ് ചെറുവത്തൂര്‍. ഇവിടുത്തെ മൂന്നു കടവുകളില്‍ ഒന്നാണ് അച്ചാംതുരുത്തി മണല്‍ക്കടവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."