ഹൂസ്റ്റണില്‍ കെമിക്കല്‍ പ്ലാന്റില്‍ ഇരട്ട സ്‌ഫോടനം
ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തകര്‍ത്തെറിഞ്ഞ അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനം ടെക്‌സസിനെ ഭീതിയിലാഴ്ത്തി സ്‌ഫോടനവും. ഹൂസ്റ്റണില്‍നിന്ന് 40 കി.മീറ്റര്‍ അകലെയുള്ള കോര്‍സ്ബിയിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റിലാണ് ഇന്നലെ രണ്ടു തവണ സ്‌ഫോടനമുണ്ടായത്. ദിവസങ്ങളായി പ്ലാന്റ് വെള്ളത്തിനടിയിലാണുള്ളത്.
ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടോടെ പ്ലാന്റില്‍നിന്നു രണ്ടു പ്രാവശ്യം സ്‌ഫോടനശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് ആകാശത്തേക്ക് കറുത്ത പുക ഉയരുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പ്ലാന്റിന്റെ രണ്ടര കി.മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെയെല്ലാം ഒഴിപ്പിച്ചു. ഫ്രഞ്ച് കെമിക്കല്‍ സംഘമാണ് പ്ലാന്റ് നടത്തുന്നത്. ആറടിയോളം വെള്ളത്തിനടിയിലാണ് നിലവില്‍ പ്ലാന്റുള്ളത്. ഇതിനാല്‍ കൂടുതല്‍ സ്‌ഫോടനത്തിനും തീപിടിത്തത്തിനുമിടയുണ്ടെന്ന് പ്ലാന്റ് വൃത്തങ്ങള്‍ പറഞ്ഞു.
ഓര്‍ഗാനിക് പെറോക്‌സൈഡിന്റെ നിര്‍മാണമാണ് അര്‍കേമ പ്ലാന്റില്‍ നടക്കുന്നത്. ശക്തമായ ചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് രാസഘടകങ്ങളെ ശീതീകരിക്കാനുള്ള ശേഷി പ്ലാന്റിനു നഷ്ടപ്പെട്ടിരുന്നു. ഏറെ അപകടകാരിയായ പെറോക്‌സൈഡ് വന്‍ തീപിടിത്തത്തിനിടയാക്കുമെന്നും അതു സ്വയം കത്തിത്തീരുന്നതു വരെ കാത്തിരിക്കുന്നതാണു നല്ലതെന്നും പ്ലാന്റ് വൃത്തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രദേശത്തെ വിവിധ മേഖലകളിലായി പ്ലാന്റിലെ ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിനാല്‍ നാട്ടുകാരോട് ജാഗ്രത പുലര്‍ത്താന്‍ നേരത്തെ കമ്പനി മുന്നറിയിപ്പു നല്‍കിയിരുന്നു.
ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 33ഓളം പേര്‍ ടെക്‌സാസ് നഗരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്നു ദിവസവും ടെക്‌സാസിലടക്കം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."