ഹാഷിഷുമായി പിടിയിലായ സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നു സൂചന
കട്ടപ്പന: രാജ്യാന്തര വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായ സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നു തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊലിസിനു ലഭിച്ചു. പിടിയിലായ പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയും തെളിവെടുപ്പു നടത്തുകയും ചെയ്തതോടെ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
രാമക്കല്‍മേട് പതാലില്‍ അഡ്വ. ബിജു (37), ശാന്തന്‍പാറ പന്തനാല്‍ ഷിനോ (39) എന്നിവരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളുമായി സിഐ വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹാഷിഷ് ഒളിപ്പിച്ചിരുന്ന ശാന്തന്‍പാറയിലെ ഷിനുവിന്റെ വീടിനടുത്തുള്ള പുരയിടത്തില്‍ തെളിവെടുപ്പു നടത്തി. ഇടുക്കിയില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. ഷിനുവിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തുകയും ചെയ്തു. അഭിഭാഷകനായ ബിജുവിന്റെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലിസ് അന്വേഷിച്ചുവരുകയാണ്. ഹാഷിഷ് വാങ്ങാന്‍ പ്രതികള്‍ക്കു ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന കഞ്ചാവുതോട്ടങ്ങളില്‍നിന്നാണ് പ്രതികള്‍ക്കു ഹാഷിഷ് ലഭിച്ചതെന്നാണു പൊലിസിനു ലഭിച്ച വിവരം. സംഘത്തില്‍പെട്ട ഒരാള്‍ നേരത്തേ ബെംഗളൂരുവില്‍ ആറു കിലോഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലിസ് അന്വേഷിച്ചുവരുകയാണ്. ജില്ലയിലേക്കു ട്രെയിന്‍ മാര്‍ഗമാണു ഹാഷിഷ് എത്തുന്നതെന്നാണു സൂചന. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ കഞ്ചാവുതോട്ടങ്ങളില്‍നിന്നാണ് ഇവ കൊണ്ടുവരുന്നതെന്നാണു നിഗമനം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് ജില്ലയിലേക്കു കോടികളുടെ ഹാഷിഷ് എത്തിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ ഹാഷിഷ് ഓയില്‍ അന്ധ്രാപ്രദേശില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ചശേഷം ബസില്‍ ജില്ലയിലേക്കു കടത്തിയെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം.
കട്ടപ്പനയില്‍ പിടികൂടിയ ഹാഷിഷ് വിപണിയില്‍ രണ്ടാം തരത്തിലുള്ളതാണ്. ആന്ധ്രാപ്രദേശില്‍നിന്നു 40,000 മുതല്‍ 60,000 രൂപവരെ വിലയുള്ള ഹാഷിഷിനു പ്രതികള്‍ 50 ലക്ഷം രൂപ നിരക്കിലാണു കച്ചവടം ഉറപ്പിച്ചത്. ഒന്നാം തരത്തിലുള്ള ഹാഷിഷിനു ലിറ്ററിനു പത്തുലക്ഷത്തിനു മുകളിലാണ് ആന്ധ്രാപ്രദേശിലെ വില. സമീപകാലത്തു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അടിമാലിയില്‍ പിടികൂടിയ കേസില്‍ കമ്പത്തുനിന്നാണു ഹാഷിഷ് എത്തിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നു മധുരയില്‍ ട്രെയിന്‍ മാര്‍ഗമെത്തിക്കുന്ന ഹഷീഷ് ജില്ലയിലെത്തിച്ചു കച്ചവടം നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് എക്‌സൈസിന്റെയും പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."