സര്‍ക്കാരിന്റെ അഞ്ചുലക്ഷം സഹായം; ദലിത് വിദ്യാര്‍ഥിനിക്ക് പഠനം തുടരാം
തിരുവനന്തപുരം: ഒടുവില്‍ ആ ദലിത് വിദ്യാര്‍ഥിനിയോട് സര്‍ക്കാര്‍ കനിഞ്ഞു. വിദേശ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ച് പ്രതിഷേധത്തിനിടയില്‍നിന്നു സര്‍ക്കാര്‍ തടിതപ്പി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാത്തതിനാല്‍ ഫീസ് അടയ്ക്കാനാവാതെ ദലിത് വിദ്യാര്‍ഥിനിയായ തൃശൂര്‍ കൊടകര പുലിപ്പാറകുന്ന് മനകുളങ്ങര സ്വദേശി റിമാരാജനെ പോര്‍ച്ചുഗല്ലിലെ കോയംബ്ര സര്‍വകലാശാലയില്‍നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരുന്നു.
എം.എസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ റിമാരാജന്റെ കുടുംബത്തിന് ബാക്കി ഫീസടയ്ക്കാന്‍ കഴിയാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ മേലാളന്മാര്‍ ഈ ദലിത് കുട്ടിയോട് കാണിച്ച ക്രൂരത പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അഞ്ചുലക്ഷം രൂപ ഉടന്‍ അനുവദിക്കാന്‍ എസ്.സി, എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. വേണുവിന് നിര്‍ദേശം നല്‍കിയത്.
തന്റെ മകളുടെ പഠനത്തിനാവശ്യമായ പണം അനുവദിച്ചു കിട്ടാന്‍ റിമയുടെ പിതാവ് രാജന്‍ നിരവധി തവണ സെക്രട്ടറിയേറ്റിലെത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. എങ്ങനെയെങ്കിലും മകളുടെ പഠനം പൂര്‍ത്തിയാക്കാന്‍ ധനസഹായം തേടി കൂലിപ്പണിക്കാരനായ അച്ഛന്‍ രാജന്‍ മുട്ടാത്ത വാതിലുകളുമില്ലായിരുന്നു.
2015 നവംബറില്‍ ആണ് റിമക്ക് പോര്‍ച്ചുഗലിലെ കോയംബ്ര സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നത്. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നതിനാല്‍ ബാങ്ക് വായ്പ എടുത്ത പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും വഹിച്ചത്. 2016 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കി. സര്‍വകലാശാല അധികാരികളില്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) വാങ്ങി നല്‍കണമെന്നു പറഞ്ഞപ്പോള്‍ അതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി.
കോഴ്‌സിന്റെ നാല് സെമസ്റ്ററുകള്‍ക്കും കൂടി പതിനായിരം യൂറോ ആണ് ഫീസായി വേണ്ടത്. സര്‍ക്കാരില്‍നിന്നു 15 ലക്ഷം രൂപക്കാണ് അപേക്ഷിച്ചിരുന്നത്. ഈ മാസം ആദ്യ ആഴ്ച നാലുലക്ഷം രൂപ ഫീസ് അടയ്ക്കാന്‍ സര്‍വകലാശാല നോട്ടീസ് നല്‍കി. ഫീസടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 2018 സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. അങ്ങനെയാകുമ്പോള്‍ ഒരു വര്‍ഷം നഷ്ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും നിരസിക്കും. പി.എച്ച്.ഡി അപേക്ഷയും നിരസിക്കും. വിസ പ്രശ്‌നങ്ങളുമുണ്ടാകും. സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സാമ്പത്തിക സഹായത്തിലാണ് ഇപ്പോള്‍ റിമ അവിടെ കഴിയുന്നത്.
പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താന്‍ പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലനെ റിമ ഫോണില്‍ വിളിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. വിദേശത്തുനിന്ന് ഒരു പ്രശ്‌നം വിളിച്ചുപറഞ്ഞ പെണ്‍കുട്ടിയുടെ ഫോണ്‍ രണ്ട് മിനിറ്റ് കൊണ്ട് മന്ത്രി കട്ട് ചെയ്യുകയായിരുന്നുവെന്നും റിമ പറയുന്നു.
പിതാവ് രാജന്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ കാണാന്‍ പോയെങ്കിലും സെക്രട്ടറിയെയാണ് കാണാന്‍ കഴിഞ്ഞത്. ഇങ്ങനെയൊരു കോഴ്‌സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു സെക്രട്ടറിക്ക് അറിയേണ്ടത്. ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സുകള്‍ക്ക് മാത്രമേ വിദേശപഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കൂവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ എം.ബി.ബി.എസിനടക്കം മുന്‍പ് പട്ടിക ജാതി വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍ കേരള വര്‍മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്ക് വാങ്ങിയാണ് റിമ വിദേശത്ത് പഠിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."