ബിഹാറില്‍ വീണ്ടും കൂട്ടക്കോപ്പിയടി; പരീക്ഷ റദ്ദാക്കി
പട്‌ന:കോളജ് വരാന്തയില്‍ വട്ടത്തിലിരുന്ന് പരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെ കൂട്ടക്കോപ്പിയടി. പ്ലസ്ടു പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ പഠിച്ച വിഷയമെന്തെന്നുപോലും അറിയാത്ത സംഭവമുണ്ടായതിനു പിന്നാലെയാണ് ബിഹാറിനെ നാണം കെടുത്തി കോളജുകളിലും കൂട്ടകോപ്പിയടിയുണ്ടായത്.
ഭോജ്പൂര്‍ ജില്ലയിലെ അരാ നഗരത്തിലെ വീര്‍ കന്‍വര്‍ സിങ് കോളജിന് കീഴിലുള്ള രണ്ട് കോളജുകളിലാണ് കൂട്ടക്കോപ്പിയടി നടന്നത്. വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കികൊണ്ട് പരീക്ഷ എഴുതിയത്. കോളജ് വരാന്തയിലിരുന്ന് പുസ്തം തുറന്നുവച്ച് പരീക്ഷ എഴുതുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇതുസംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സയ്യിദ് മുംതാസുദ്ദീന്‍ അറിയിച്ചു. പരീക്ഷ റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസിക്‌സ് പരീക്ഷക്കിടയിലാണ് കോപ്പിയടിച്ചത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സഞ്ജയ് കുമാര്‍ ത്രിപാഠി അറിയിച്ചു. 300 വിദ്യാര്‍ഥികളുടെ പരീക്ഷയാണ് റദ്ദാക്കിയത്. ഈ പരീക്ഷ ഈ മാസം 20ന് വീണ്ടും നടത്തും.
സര്‍വകലാശാലക്ക് കീഴിലുള്ള മഹാരാജാ കോളജ്, പൈഹാറി ജി മഹാരാജ് കോളജ് എന്നിവിടങ്ങളിലാണ് വരാന്തയില്‍ ടെക്സ്റ്റ് ബുക്ക് തുറന്നുവച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.
അതിനിടയില്‍ കോപ്പിയടിയെ ന്യായീകരിക്കുന്ന രീതിയിലാണ് കോളജ് അധികൃതര്‍ വിശദീകരണവുമായി എത്തിയത്. 2300 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമേ കോളജുകളിലുള്ളൂ എന്നാണ് പ്രിന്‍സിപ്പല്‍മാരുടെ വിശദീകരണം. അതില്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ളതുകൊണ്ട് അവരെ കോളജ് വരാന്തയില്‍ ഇരുത്തിയതാണ് കോപ്പിയടിക്കാന്‍ കാരണമായതെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."