മായം കലര്‍ന്ന ഇരുപതിനായിരം ലിറ്റര്‍ പാല്‍ പിടികൂടി
ചിറ്റൂര്‍ : മീനാക്ഷിപുരത്ത് മായം കലര്‍ന്ന ഇരുപതിനായിരം ലിറ്റര്‍ പാല്‍ പിടികൂടി. ഓണം കൊഴുപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20243 ലിറ്റര്‍ പാലാണ് മീനാക്ഷിപുരത്ത് ക്ഷീരവികസനവകുപ്പിന്റെ പരിശോധന കേന്ദ്രത്തില്‍ പടികൂടിയത്. പാലിനെ കൊഴുപ്പ് കൂട്ടുന്നതിനായി കാര്‍ബണേറ്റ് കലര്‍ത്തി വില്‍പന നടത്താനെത്തിച്ച പാലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെ മീനാക്ഷിപുരത്തെ ക്ഷിരവികസനവകുപ്പിന്റെ ലാബിലെ പരിശോധനയ്ക്കിടെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ അമ്മന്‍ പാല്‍ ഉല്‍പാദന കമ്പനിയില്‍ നിന്ന് കണ്ണൂര്‍ പയ്യന്നൂരിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മായം കലര്‍ത്തി സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച പാല്‍ പിടികൂടിയിരുന്നു. മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന പാല്‍ വ്യാപകമായി തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ക്ഷീര വികസന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി മായം കലര്‍ത്തിയ പാലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചതിന് ശേഷം വെള്ളം ചേര്‍ക്കുന്നത് തിരിച്ചറിയാതിരിക്കാനാണ് കാര്‍ബണേറ്റ് കലര്‍ത്തി കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. മായം കലര്‍ന്ന പാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ക്ഷീരോല്‍പാദക സംഘങ്ങള്‍ വഴി മില്‍മയിലെത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീനാക്ഷിപുരത്ത് സര്‍ക്കാര്‍ പരിശോധനാകേന്ദ്രം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."