ഉള്ളാളിലും കാസര്‍കോട്ടും വീടു കയറി അക്രമം; എട്ടുപേര്‍ക്കു പരുക്ക്
കാസര്‍കോട്: ഉള്ളാളിലും കാസര്‍ക്കോട് ആലംപാടിയിലും വീട് കയറി അക്രമം നടത്തിയ സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്ക്. ഉള്ളാള്‍ ദര്‍ഗയ്ക്കു സമീപം ഖാസിമിന്റെ വീട്ടിലാണ് 15 അംഗ സംഘം കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ അക്രമം നടത്തിയത്.
ഖാസിമിന്റെ മകന്‍ ഹംസയെ അന്വേഷിച്ചാണു സംഘം എത്തിയത്. ഈ സമയം ഹംസ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ സംഘം ഖാസിമിനെയും ഭാര്യ മൈമൂനയെയും മക്കളായ സിയാല്‍, അമീന്‍ എന്നിവരെയും അക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്നാണു പരാതി. പരുക്കേറ്റ ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലിസ് സ്ഥലത്തെത്തി അക്രമികള്‍ക്കെതിരേ കേസെടുത്തു.
കാസര്‍കോട് ഒരു സംഘം വീട് കയറി അക്രമം നടത്തിയതിനെ തുടര്‍ന്നു നാലുപേര്‍ക്കു പരുക്കേറ്റു. കാറും വീട്ടുപകരണങ്ങളും ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തു. വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആലംപാടിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു സംഭവം. ആലംപാടി കോയപ്പാടിയിലെ കുഞ്ഞിബി, മകള്‍ ഹഫീസ (35), ബന്ധുക്കളായ അബൂബക്കര്‍ (27), മുനീര്‍ (25) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറും വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ക്കുകയായിരുന്നു.
വീട്ടുകാര്‍ ഉണര്‍ന്നു വാതില്‍ തുറന്നതോടെ അകത്തു കയറിയ അക്രമി സംഘം ടെലിവിഷനും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണു പരാതി.
കഴിഞ്ഞ ദിവസം മാവിനക്കട്ടയിലെ മരണവീടു സന്ദര്‍ശിച്ചശേഷം തിരിച്ചുവരികയായിരുന്നവര്‍ സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ ഒരു സംഘം ബെള്ളൂരടുക്കയില്‍ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു.
ഈ വിവരം പൊലിസില്‍ അറിയിച്ചതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു വീടു കയറി അക്രമണം ഉണ്ടായതായാണു സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."