അത്താണിയില്‍ പട്ടാപകല്‍ ഹോട്ടല്‍ കൊള്ളയടിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നു
വടക്കാഞ്ചേരി : നഗരസഭയിലെ അത്താണിയില്‍ പട്ടാപകല്‍ ഹോട്ടല്‍ കൊള്ളയടിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നു. പഴയ റെയില്‍വേ ഗെയ്റ്റ് പരിസരത്ത് പ്രവര്‍ത്തിയ്ക്കുന്ന ശാസ്താ ഹോട്ടല്‍ ആന്റ് ബേക്കറിയിലാണ് തിരുവോണ നാളില്‍ വന്‍ കൊള്ള നടന്നത്. മിണാലൂര്‍ സ്വദേശി മാണിക്യത്ത് വീട്ടില്‍ സേതുമാധവന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഓണ വ്യാപാരം നടത്തി ഹോട്ടലിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് സേതുമാധവന്‍ പൊലിസിന് മൊഴി നല്‍കി.
വര്‍ഷങ്ങളായി അത്താണിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഹോട്ടലില്‍ ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴ കുലകളും, ശര്‍ക്കരവരട്ടി, നാല് വറവ്, ഓണസദ്യ , വിവിധ തരം പായസങ്ങള്‍ എന്നിവയുടെ വില്‍പ്പന നടന്നിരുന്നു. തിരുവോണ ദിനത്തില്‍ ഉച്ച വരെ കച്ചവടം നടന്നു. തുടര്‍ന്ന് ഹോട്ടല്‍ അടച്ച് വീട്ടിലേയ്ക്ക് തിരുവോണ സദ്യ ഉണ്ണാന്‍ പോയതാണ് സേതുമാധവന്‍.
വൈകീട്ട് 6.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സേതുമാധവന്റെ അത്താണിയിലുള്ള പഴയ വീടിനോട് ചേര്‍ന്നാണ് ഹോട്ടലും ബേക്കറിയും പ്രവര്‍ത്തിയ്ക്കുന്നത്. ഈ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അടുക്കള വഴിയാണ് ഹോട്ടലില്‍ പ്രവേശിച്ചിട്ടുള്ളത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മേശയുടെ താക്കോല്‍ കൈവശപ്പെടുത്തിയാണ് മോഷണം. വടക്കാഞ്ചേരി സി.ഐ സ്റ്റീഫന്‍, എസ്.ഐ കെ.സി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പ് സമാന രീതിയില്‍ തൊട്ട് സമീപമുള്ള ഫാന്‍സി വ്യാപാര സ്ഥാപനത്തിലും മോക്ഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."