'ഒറ്റദിവസത്തെ സുല്‍ത്താനെ' കാണാന്‍ നിറഞ്ഞ സദസ്
കോഴിക്കോട്: ആയിരത്തൊന്നു രാവുകളിലെ ഒരു പകലും രാത്രിയും നാടിന്റെ സുല്‍ത്താനായി ജനഹൃദയം കീഴടക്കിയ അബ്ദുഹസ്സനെ കാണാന്‍ നാടകപ്രേമികള്‍ തടിച്ചുകൂടി. ഡി.ടി.പി.സി ഓണം വാരാഘോഷത്തിന്റെ ഭാഗമായി പെരുമണ്ണ യുവജന കലാസമിതി അവതരിപ്പിച്ച 'ഒറ്റ ദിവസത്തെ സുല്‍ത്താനാ'ണ് ടൗണ്‍ഹാളിലെ നിറഞ്ഞ സദസ് കരഘോഷത്തോടെ സ്വീകരിച്ചത്.
നാടകോത്സവത്തിന്റെ നാലാം ദിവസമായ തിരുവോണനാളില്‍ അരങ്ങിലെത്തിയ 'ഒറ്റ ദിവസത്തെ സുല്‍ത്താ'ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് കളത്തിലാണ്. കെ.എം.സി പെരുമണ്ണയുടെതാണ് സാക്ഷാത്കാരം. ഒറ്റദിവസം നാടിന്റെ സുല്‍ത്താനായി വാഴുന്ന അബ്ദുഹസ്സനാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. അനുവദിച്ച സമയത്തിനുള്ളില്‍ മറ്റു ഭരണാധികാരികളുടെ ദുര്‍ഭരണം തുറന്നുകാട്ടുകയും ജനനന്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത ഹസ്സനെ ജനം അവരുടെ ഖലീഫയായി പ്രഖ്യാപിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
മികവുറ്റ പശ്ചാത്തല സംഗീതവും രംഗസജ്ജീകരണവും കൊണ്ട് കാണികള്‍ക്ക് നാടകം കൂടുതല്‍ ആസ്വാദ്യകരമായി. രാജന്‍ മുണ്ടുപാലം, വി.എം നവീന, ശ്രീസലിം മനുഷ്യ, പി.പി രാമകൃഷ്ണന്‍, എം.കെ പ്രവീണ്‍, സുധീഷ് കരുവാലില്‍, വി.കെ രമേഷ്, കെ.എം.സി പര്‍വീസ് അലി, കെ.പി രതീഷ്ബാബു, പി.പി മേഘ, പി.പി രമ്യ, വിനോദ് നിസരി, കെ.പി റീമ, ഗിരീഷ് കുട്ടന്‍, സത്യന്‍ മേഘ, ശ്യാംദാസ് എന്നിവരാണ് അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."