അനധികൃത നിര്‍മാണം: മുക്കം നഗരസഭ നടപടി ശക്തമാക്കി
മുക്കം: ടൗണിലും പരിസരങ്ങളിലുമായി നടക്കുന്ന കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേ മുക്കം നഗരസഭ നടപടി ശക്തമാക്കി .
പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുകയും റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയും പ്രവര്‍ത്തിച്ച കടയുടമക്ക് നഗരസഭാധികൃതര്‍ നോട്ടിസ് നല്‍കി കട പൂട്ടിച്ചു. മുക്കം ചേന്ദമംഗല്ലൂര്‍ റോഡില്‍ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിനെതിരേയാണ് കഴിഞ്ഞദിവസം നടപടി സ്വീകരിച്ചത്. നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സഹായത്തോടെയാണ് കട പൂട്ടിച്ചത്.
നഗരസഭയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേയും കൈയേറ്റങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മുക്കത്തു കഴിഞ്ഞദിവസം കട അടച്ചുപൂട്ടിച്ച നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി യാതൊരു നിയമവും പാലിക്കാതെ മുക്കത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും അവയൊന്നും പരിഗണിക്കാതെ ഉദ്ഘാടന ദിവസം തന്നെ പി.സി ജങ്ഷനു സമീപത്തെ കടയ്‌ക്കെതിരേ നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഒരുവിഭാഗം പറയുന്നു. നഗരസഭാ അധികൃതര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."