കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ജനസേവനം ലീഗിന്റെ മാതൃക;
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
നടുവണ്ണൂര്‍: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും അതിന്റെ പോഷക ഘടകങ്ങളും എന്നും പാവങ്ങളെ സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള പ്രസ്ഥാനമാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രസ്താവിച്ചു.
മുസ്‌ലിം ലീഗ് നേതാവായിരുന്ന യു.കെ ഇബ്രാഹീം കുട്ടി മാസ്റ്റാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഈദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബത്തിന് ട്രസ്റ്റ് നിര്‍മിക്കുന്ന വീടിന് നല്‍കുന്ന ഫണ്ട് പാറക്കല്‍ അബ്ദുല്ലയില്‍ നിന്ന് ഭവന നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ വി.കെ അബ്ദുറഹിമാന്‍ ഹാജി, എടോത്ത് ഇബ്രാഹിം, എ.കെ ഗഫൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ഖത്തര്‍ കെ.എം.സി.സി ട്രഷറും ട്രസ്റ്റ് ചെയര്‍മാനുമായ അലി പള്ളിയത്ത് അധ്യക്ഷനായി സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ , എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, അസ്‌ലം ബക്കര്‍, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, ടി. നിസാര്‍, ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍, വാര്‍ഡ് മെംബര്‍ പി.വി സമീറ, അഷ്‌റഫ് പുതിയപ്പുറം, യു.കെ ഖാസിം, ഖദീജ ടീച്ചര്‍, അമ്മദ് കാവില്‍, പി.കെ ബഷീര്‍, എ.കെ ഗഫൂര്‍ സംസാരിച്ചു.
'വര്‍ഷായനം' നാലാംഘട്ട പ്രവൃത്തി തുടങ്ങി
നടുവണ്ണൂര്‍: ഫോര്‍മര്‍ സ്‌കൗട്ട് ഫോറവും ബാപ്പുജി ഓപ്പണ്‍ റോവര്‍ക്രൂവും സംയുക്തമായി നടപ്പിലാക്കുന്ന മഴവെള്ളസംഭരണ കിണര്‍ റീചാര്‍ജിങ് പദ്ധതിയായ 'വര്‍ഷായന'ത്തിന്റെ നാലാം ഘട്ട പ്രവൃത്തിക്ക് കുളം ശുചീകരിച്ചു കൊണ്ട് തുടക്കമിട്ടു.
ചുറ്റിലും കാടുപിടിച്ച് ഉപയോഗയോഗ്യമല്ലാതെ പായല്‍ നിറഞ്ഞ് കിടന്ന പുതുക്കുളംഎന്ന പേരിലറിയപ്പെടുന്ന നടുവണ്ണൂര്‍ ശ്രീ നരസിംഹ ക്ഷേത്രക്കുളമാണ് ഫോര്‍മര്‍ സ്‌കൗട്ട് ഫോറവും ബാപ്പുജി ഓപ്പണ്‍ റോവര്‍ ക്രൂവും ഒത്തുചേര്‍ന്ന് വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി മാറ്റിയത്.
നടുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍ മാസ്റ്റര്‍ പവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഫോര്‍മര്‍ സ്‌കൗട്ട് ഫോറം പ്രസിഡന്റ് മുഹമ്മദ്.സി, വൈസ് പ്രസിഡന്റ് കെ.വി.കെ ബാബു, സെക്രട്ടറി സതീഷ് കുമാര്‍ .എം, ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ എന്‍.കെ, അര്‍ഷാദ് എം.എം എന്നിവരോടൊപ്പം ബാപ്പുജി ഓപ്പണ്‍ റോവര്‍ ക്രൂ അംഗങ്ങളായ അഭിനന്ദ് എ.എസ്, സോനു കെ.പി, അഭിജിത്ത് കെ.കെ, ഗോകുല്‍ രാജ് .കെ, അമല്‍ദേവ് സി.കെ, ദേവനാരായണ ലാല്‍സ്, അമല്‍ സജീവ് എസ്.ടി പങ്കെടുത്തു. ജലവിഭവ കേന്ദ്രമായ സി.ഡബ്ലിയു.ആര്‍.ഡി.എമ്മിന്റെ സാങ്കേതിക സഹായത്തോടെ വര്‍ഷായനത്തിന്റെ ഭാഗമായി 30 വീടുകളിലെ കിണറുകളില്‍ കിണര്‍ റീചാര്‍ജിങ് സംവിധാനം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
മുസ്‌ലിം ലീഗ് കുടുംബ സംഗമവും കാരണവരെ ആദരിക്കലും
നന്തിബസാര്‍: മൂടാടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ലീഗും നാരങ്ങോളികുളം യൂത്തുലീഗും സംയുക്തമായി നടത്തിയ കുടുംബസംഗമം മണ്ഡലം ലീഗ് സെക്രട്ടറി റശീദ് വെങ്ങളം ഉദ്ഘാടനംചെയ്തു. മര്‍ഹബാ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. അബ്ദുസലാം അസ്ഹദി മുഖ്യപ്രഭാഷണംനടത്തി. കെ.പി കരീം, അഹ്മദ് കുറുക്കനാട്ട്, ഹനീഫ മുതുകുനി, റെജിനാസ് നിലയെടുത്ത്, പി.എം ഖാലിദ് ഹാജി, ഹനീഫ നിലയെടുത്ത്, മുതുകുനി സാബിത്ത് പ്രസംഗിച്ചു. എഴുപതുകഴിഞ്ഞ കാരണവന്മാരെ ചടങ്ങല്‍ ആദരിച്ചു.
ഹനാനിന്റെ മരണം:
നിജസ്ഥിതി പുറത്തുകൊണ്ടുവരണം
നന്തിബസാര്‍: ഇരിങ്ങത്ത് വിളയാട്ടൂരിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യ ത്തില്‍ മരണപ്പെട്ട കാളിയേരി അസീസിന്റെ മകള്‍ ഹനാനിന്റെ (22) മരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് മൂടാടിപഞ്ചായത്തു മുസ്‌ലിം ലീഗ് യോഗം ധികൃതരോടാവശ്യപ്പെട്ടു. പി.എം ഖാലിദ് ഹാജി അധ്യക്ഷനായി.
കെ. അബൂബക്കര്‍ ഹാജി, കെ.പി കരീം, മുതുകുനി മുഹമ്മദാലി, എം. സമീര്‍, കെ.കെ സമീര്‍, റശീദ് കോളറാട്ടില്‍, ശറഫുദ്ദീന്‍ മിന്നത്തു, അഹ്മദ് കുറുക്കനാട്ട് പ്രസംഗിച്ചു.
മേപ്പയൂര്‍: വിളയാട്ടൂരിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് യുവതി മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാന്‍ പഴുതടച്ച അന്വേഷണം വേണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.കെ ചന്ദ്രന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.പി രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളിയുടെ മരണം:
ഭാര്യക്ക് ജോലി നല്‍കണമെന്ന് സര്‍വകക്ഷി യോഗം
മേപ്പയ്യൂര്‍: കുലുപ്പമല ഓടയില്‍ മീത്തല്‍ നടന്ന കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും സര്‍വകക്ഷിയോഗത്തില്‍ ഷോക്കേറ്റ് മരിച്ച കരാര്‍ തൊഴിലാളി ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. തുറയൂര്‍ പഞ്ചായത്തിലെ കുലുപ്പമല സലഫി കോളജിന് സമീപം ഓടയില്‍ മീത്തല്‍ 220 കെ.വി വൈദ്യുതി ലൈനില്‍ ക്രമീകരണപ്രവൃത്തി നടത്തുന്നതിനിടയില്‍ കാക്കൂര്‍ പി.സി പാലം മൂരാടക്കണ്ടി മീത്തല്‍ ശ്രീജിത്ത് (39) ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്.
220 കെ.വി ലൈന്‍ കടന്നു പോകുന്ന കുലുപ്പമലയിലെ ഉയര്‍ന്ന മേഖലകളില്‍ അപകട ഭീഷണി നിലനില്‍ക്കുന്നത് കാരണം അഡീഷനല്‍ ടവര്‍ സ്ഥാപിക്കുമെന്നും നിര്‍ത്തിവെച്ച കാടുവെട്ടുന്ന പ്രവൃത്തി സെപ്റ്റംബര്‍ പതിനൊന്നിന് പുനരാരംഭിക്കുമെന്നും ചീഫ് എന്‍ജിനിയര്‍ പി. പ്രസന്ന യോഗത്തില്‍ ഉറപ്പു നല്‍കി. അപകടം നടന്ന ദിവസം തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദി വൈദ്യുതി വകുപ്പാണെന്നും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട വൈദ്യുതി വകുപ്പ് എ.ഇ.എയും, ഓവര്‍സിറെയും രാത്രി ഒന്‍പത് മണി വരെ നാട്ടുകാര്‍ തടഞ്ഞ് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കുന്നതിനാവശ്യമായ നടപടി കൈകൊള്ളുമെന്ന് എന്‍ജിനിയര്‍ പ്രസന്ന യോഗത്തില്‍ പറഞ്ഞു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ശ്രീജിത്ത്. സര്‍വകക്ഷിയോഗത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനില്‍ ഓടയില്‍ അധ്യക്ഷനായി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശരീഫ മണലും പുറത്ത്, ജനപ്രതിനിധികളായ പൊടിയാടി നസീര്‍, എം.വി അബ്ദുറഹ്മാന്‍, പി.എം ശോഭ, പയ്യോളി എസ്.ഐ സുമിത്ത് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
യുവതിയുടെ ദുരൂഹ മരണം; ഭര്‍ത്താവ് പിടിയില്‍
നന്തിബസാര്‍: കാളിയേരി അസീസിന്റെ മകള്‍ ഹനാന്‍ (22) മേപ്പയ്യൂരിലെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് വിളയാട്ടൂര്‍ പൊക്കിട്ടാത്ത് നബീല്‍ (27) നെ വടകര ഡിവൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
കൂട്ടാലിടയിലുള്ള ബന്ധുവീട്ടില്‍ വെച്ചാണ് നബീലിനെ പിടികൂടിയത്. മേപ്പയ്യൂര്‍ എസ്.ഐ യൂസുഫ് നടുത്തറമ്മല്‍ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് ഹനാന്‍ മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീപീഡനത്തിനും, അസ്വാഭിവിക മരണത്തിനുമാണ് പൊലിസ് കേസെടുത്തത്.
നബീലിനെ വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി സുദര്‍ശന്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നന്തിബസാറില്‍ ആ ക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
തൂക്കുപാലത്തില്‍ നിന്ന് പുഴയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
പാറക്കടവ്: ഉമ്മത്തൂര്‍ മുടവന്തേരി പുഴക്ക് കുറുകെയുള്ള ചേടിയാലയില്‍ തൂക്കുപാലത്തില്‍ കൂടി സഞ്ചരിക്കുകയായിരുന്ന വളയം സ്വദേശി ശ്രീജിത്ത് (22) ആണ് അപ്രതീക്ഷിതമായി പുഴയിലേക്ക് വീണത്.
മറുകരയിലെ വീട്ടില്‍ നിന്ന് അപകടംകണ്ട മുടവന്തരിയിലെ ഷീന എന്ന പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിക്കൂടിയത്.
തേനില്‍ റഫീഖ് അഴമേറിയ പുഴയിലേക്ക് എടുത്ത് ചാടി പാലത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ ഒഴുക്കില്‍ പെട്ട ശ്രീജിത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കല്ലാച്ചി ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി. മുടവത്തേരിയിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്.
നേരത്തേ റിപ്പയര്‍ ചെയ്യുന്നതിനിടയില്‍ ടെക്‌നീഷ്യന്‍ പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."