ഉപരോധം ശക്തമാക്കിയാല്‍ ഫലം ആഗോളദുരന്തം: പുടിന്‍
ബെയ്ജിങ്: ഉത്തര കൊറിയയുടെ ആയുധ പരിപാടികളുമായി ബന്ധപ്പെട്ട പ്രതിസന്ധി ശക്തിപ്പെട്ടാല്‍ ആഗോള ദുരന്തമായിരിക്കും ഫലമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാമിര്‍ പുടിന്‍. വ്യാപക നാശനഷ്ടമായിരിക്കും അത്തരമൊരു ദുരന്തത്തിന്റെ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ഷിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പുടിന്‍ പുതിയ പ്രതിസന്ധികളോട് പ്രതികരിച്ചത്.
സൈനിക ഉന്മാദങ്ങളെ ശക്തമായി എതിര്‍ത്ത അദ്ദേഹം നയതന്ത്രതലത്തില്‍ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നും വ്യക്തമാക്കി. പ്രസംഗത്തിനിടെ ഉ.കൊറിയക്കും പ്രസിഡന്റ് കിം ജോങ് ഉന്നിനും പുടിന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ആണവ ആയുധങ്ങള്‍ വികസിപ്പിച്ചാലേ തങ്ങളുടെ ഭരണത്തിനു നിലനില്‍പ്പുള്ളൂവെന്നാണ് ഉന്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍, ഇറാഖിലെ പടിഞ്ഞാറന്‍ അധിനിവേശം എങ്ങനെയാണ് സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കിയതെന്നും ആ രാജ്യം യുദ്ധത്തില്‍ തകര്‍ന്നതെന്നും ഉന്‍ കണ്ടതാണ്. അതുതന്നെ തങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കട്ടെ. കൂട്ടനശീകരണ ആയുധങ്ങളുടെ നിര്‍മാണം നടത്തുന്നതായുള്ള ആരോപണം നിഷേധിച്ചിട്ടും സദ്ദാമിനു ഭരണം നഷ്ടപ്പെടുകയും കുടുംബം കൊല്ലപ്പെടുകയുമുണ്ടായി. ഇറാഖ് പൂര്‍ണമായി തകരുകയും സദ്ദാം തൂക്കിലേറ്റപ്പെടുകയും ചെയ്തു. ഉ.കൊറിയക്കാരടക്കം ലോകത്ത് എല്ലാവര്‍ക്കും അക്കാര്യം അറിയാം-പുടിന്‍ മുന്നറിയിപ്പ് നല്‍കി.
ഉ.കൊറിയയുടെ ആണവ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് തിങ്കളാഴ്ച യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം ഉപരോധങ്ങള്‍ വ്യര്‍ഥവും ഫലപ്രദമല്ലാത്തതുമാണെന്ന് പുടിന്‍ പറഞ്ഞു. കിം ജോങ് ഉന്നിന്റെ ഭരണം അട്ടിമറിക്കപ്പെടുന്നതിനപ്പുറം ഉ.കൊറിയന്‍ ജനത കൂടുതല്‍ പട്ടിണിയാകുക മാത്രമാകും അതിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പുല്ല് തീറ്റ തുടരും. തങ്ങളുടെ രാജ്യസുരക്ഷയ്ക്കായി അവര്‍ കണ്ടെത്തിയ വഴികളില്‍നിന്ന് ഒരിക്കലും പിന്‍മാറില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ചര്‍ച്ചയാണ് പരിഹാരമെന്ന് ഉ.കൊറിയയുടെ സഖ്യരാഷ്ട്രമായ ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിക്കി ഹാലെയുടെ നിലപാടിനെ പിന്തുണച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ശക്തമായ ഉപരോധം തന്നെ വേണമെന്ന് മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഇന്നലെ ദ.കൊറിയന്‍ വിദേശ കാര്യ മന്ത്രി കാങ് യങ് വാ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഞായറാഴ്ച പുതിയ ആണവ പരീക്ഷണം നടത്തിയതോടെയാണ് വീണ്ടും അന്താരാഷ്ട്രതലത്തില്‍ ഉ.കൊറിയക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഉഗ്രനശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് പരീക്ഷിച്ചതെന്ന് ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
കിം ജോങ് ഉന്‍ ബോംബ് നോക്കിക്കാണുന്ന ചിത്രം മാധ്യമം പുറത്തുവിടുകയും ചെയ്തിരുന്നു. ആണവ പരീക്ഷണം മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിനുമിടയാക്കിയിരുന്നു. ഉ.കൊറിയയുടെ ആറാമത്തെ ആണവ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."