സൂപ്പര്‍ എക്‌സ്പ്രസ് ബസുകളുടെ പുഷ്ബാക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ നിര്‍ദേശം
സ്വകാര്യ ബസ് ലോബികളെ സഹായിക്കാനെന്ന് ആരോപണംകോഴിക്കോട്: കെ.എസ്.ആര്‍.ടി.സിക്ക് ഏറെ വരുമാനം നേടിക്കൊടുക്കുന്ന സൂപ്പര്‍ എക്‌സ്പ്രസ് സര്‍വിസുകളെ സ്വകാര്യ ബസ് ലോബിക്ക് വേണ്ടി തകര്‍ക്കാന്‍ നീക്കം. എക്‌സ്പ്രസ് സര്‍വിസുകളുടെ പ്രധാന ലക്ഷ്വറിയായ, സെമി സ്ലീപ്പര്‍ സീറ്റുകളുടെ പുഷ്ബാക്ക് സംവിധാനം പ്രവര്‍ത്തനരഹിതമാക്കി സാധാരണ സീറ്റാക്കി നിലനിര്‍ത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. പുഷ്ബാക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ ഡിപ്പോ എന്‍ജിനീയര്‍മാര്‍ക്കും റീജ്യനല്‍ വര്‍ക്ക്‌ഷോപ്പുകളിലും ഇതിനോടകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന കോഴിക്കോട്ടെ 15 സൂപ്പര്‍ എക്‌സ്പ്രസ് ബസുകളുടെ പുഷ്ബാക്ക് സംവിധാനം ഇതിനോടകം മാറ്റാനാണ് നീക്കം. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ വകുപ്പ് തലത്തില്‍ പദ്ധതിയുണ്ടെന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. ഇതിന്റെ ആദ്യപടിയായി കോഴിക്കോട് പാവങ്ങാട് ഡിപ്പോയിലെ എ.ടി.സി 143 സീരിയല്‍ നമ്പറിലുള്ള ബസിന്റെ പുഷ്ബാക്ക് സംവിധാനം മാറ്റിക്കഴിഞ്ഞു.
ഇത് കെ.എസ്.ആര്‍.ടി.സിക്ക് ഗുണം ചെയ്യില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ എറ്റവുമധികം ആശ്രയിച്ചത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസുകളെയാണ്. ഇതിലൂടെയാണ് കമ്പനിക്ക് കൂടുതല്‍ ലാഭമുണ്ടാക്കാനായത്. യാത്രക്കാര്‍ക്ക് സുഖമായ സൗകര്യങ്ങള്‍ നല്‍കിയതാണ് ഇതിന് കാരണം. എന്നാല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്ന ഇത്തരം ബസുകളിലെ സീറ്റുകളില്‍ നിന്നും പുഷ്ബാക്ക് സംവിധാനം ഒഴിവാക്കിയാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സൂപ്പര്‍ ഡീലക്‌സിനും എക്‌സ്പ്രസിനും ഒരേ ഘടനയിലുള്ള പുഷ്ബാക്ക് സീറ്റുകള്‍ വയ്ക്കുന്നത് ശരിയല്ലെന്നും ഡീലക്‌സിന് ഇക്കാരണത്താല്‍ കളക്ഷന്‍ കുറയുമെന്നുമുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് ഉന്നതാധികാരികള്‍ നല്‍കുന്ന വിശദീകരണം.
സൂപ്പര്‍ എക്‌സ്പ്രസില്‍ ഇരുവശത്തും രണ്ടുപേര്‍ക്കുവീതമിരിക്കാവുന്ന ഘടനയിലുള്ള സെമി സ്ലീപ്പര്‍ സീറ്റുകള്‍ യാത്രക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യമായിരുന്നു. ആവശ്യത്തിന് ചരിവും വീതിയും ലെഗ് സ്‌പേസുകളുമുള്ള സീറ്റുകളില്‍ എത്രദൂരം യാത്ര ചെയ്താലും ക്ഷീണമുണ്ടാകില്ലെന്നാണ് യാത്രക്കാരുടെ സ്വീകാര്യതയ്ക്ക് കാരണം. ഫിക്‌സഡ് സീറ്റാകുന്നതോടെ ഇപ്പോഴുള്ള യാത്രാസുഖം ഇല്ലാതാകും. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ കൈയൊഴിയുമെന്ന് തൊഴിലാളികള്‍ പറയുന്നു. പുഷ്ബാക്ക് സംവിധാനം പ്രവര്‍ത്തനരഹിതമാക്കിയാല്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലെപ്പോലെ പലകസീറ്റായി ഇതും മാറുമെന്നാണ് യാത്രക്കാരുടെ പരിഹാസം. ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയന്റും സുഖകരമായ പുഷ്ബാക്ക് സീറ്റുകളും എയര്‍ സസ്‌പെന്‍ഷനുമായിരുന്നു ഈ ബസുകളുടെ പ്രധാന ആകര്‍ഷണം. സ്വകാര്യഅന്തര്‍സംസ്ഥാന ബസുകളുടേതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ പുഷ്ബാക്ക് സീറ്റില്‍ യാത്ര ചെയ്യാമെന്നതാണ് സൂപ്പര്‍ എക്‌സ്പ്രസ് ബസുകളുടെ പ്രധാന സവിശേഷത.
അതേസമയം, ആവശ്യത്തിന് ലക്ഷ്വറി ബസുകള്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വിസുകളെ ആളുകള്‍ കൈയൊഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യത്തോടെ ബംഗളൂരു, മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സൂപ്പര്‍ എക്‌സ്പ്രസ് ബസുകള്‍ നിരത്തിലിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."