ജാനകിയുടെ ജാമ്യം: അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്കി
പയ്യന്നൂര്‍: ബാലകൃഷ്ണന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി കോറോം സ്വദേശിനി കെ.വി ജാനകിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ നല്കിയ ഹരജിയിന്മേല് സി.ഐ എം.പി ആസാദ് ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.വി ശൈലജയുടെ സഹോദരിയായ ജാനകിയെ അറസ്റ്റ് ചെയ്ത് പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും പ്രതിയുടെ പ്രായാധിക്യവും അവശതയും പരിഗണിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ.വി ശൈലജയും ഭര്‍ത്താവ് പി. കൃഷ്ണകുമാറും ആ സമയത്ത് ഒളിവിലായിരുന്നു. ഇവരുടെ തന്ത്രപരമായ നീക്കമാണ് ജാനകിക്ക് ജാമ്യം കിട്ടാന്‍ ഇടയായതെന്ന് കാണിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ടുമായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."