ഓണം വാരാഘോഷം : സമാപനം നാളെ ഘോഷയാത്ര മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ഓണം വാരാഘോഷത്തിന് നാളെ കൊടിയിറക്കം. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സമാപനം കുറിച്ചുള്ള സാസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്യും. വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരന് നല്കി മന്ത്രി കടകംപള്ളി സുരേന്ദ്രന് വാദ്യമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഇത്തവണ കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആസാം, രാജസ്ഥാന്, ഹരിയാന, ജമ്മുകാശ്മീര്‍, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലിങ്കാന, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണുണ്ടാവുക.
180 കലാകാരന്മാരാണ് ഇത്തരത്തില്‍ അണിനിരക്കുക. മറ്റ് ആയിരത്തിലധികം കലാകാരന്മാര് ഘോഷയാത്രയില്‍ അണിനിരക്കും. 94 ഫ്ളോട്ടുകളും 63 കലാരൂപങ്ങളുമുണ്ടാവും. 34 ലക്ഷം രൂപയാണ് ഘോഷയാത്രക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ഘോഷയാത്രയുടെ തുടക്കത്തില്‍ അശ്വാരൂഡ സേനയും തൊട്ടുപിന്നില്‍ മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച നൂറു പുരുഷന്മാരും അണിനിരക്കും.
ഒപ്പം ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരുണ്ടാവും. കൂടാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, വേലകളി, പടയണി, കഥകളി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്തുകാവടി, അമ്മന്‍കുടം, മയൂര നൃത്തം, പരുന്താട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, കുമ്മാട്ടിക്കളി, പൊയ്ക്കാല്‍ക്കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തംവീശല്‍, വിവിധ മേളങ്ങള്‍ എന്നിവ മിഴിവേകും.
കേരളത്തിന്റെ സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും ഇത്തവണയുണ്ടാവും. നാടിന്റെ മതമൈത്രി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും പരിപാടികളും അവതരിപ്പിക്കും. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിഷയാധിഷ്ഠിത ഫ്ളോട്ടുകളാണ് ഇത്തവണ ഘോഷയാത്രയിലുണ്ടാവുക.
സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകള്‍ക്ക് പ്രാധാന്യം നല്കുന്ന ഫ്ളോട്ടുകളും അവതരിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാവും ഇത്തവണത്തെ ഘോഷയാത്രയെന്ന് മന്ത്രി പറഞ്ഞു.
വൈകുന്നേരം ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ജേതാക്കളാകുന്ന ഫ്ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം, കെല്‍ട്രോണ്‍, കോപ്പറേഷന്, പാളയം, യൂനിവേഴ്സിറ്റി കോളജ്, സ്റ്റാച്യു, ആയുര്‍വേദ കോളേജ് ജങ്ഷന്, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റ ഒന്പതി യൂനിറ്റുകളും സ്ഥലത്തുണ്ടാവും.
ഘോഷയാത്രക്കെത്തുന്ന കാണികള്‍ക്കായി എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കുടിവെള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പ്രകാശ് പറഞ്ഞു.ടി.കെ. മുരളി എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, അഡി. ഡയറക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."