പഴയ മുഖ്യശത്രു പുതിയ മിത്രമാകുമ്പോള്‍
രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥിരമായുള്ളത് താല്‍പര്യങ്ങള്‍ മാത്രമാണെന്നുമുള്ള പഴഞ്ചൊല്ലില്‍ കാര്യമായ പതിരൊന്നുമില്ലെന്ന് ഇന്ത്യന്‍ രാഷ്ട്രീയം പലതവണ തെളിയിച്ചിട്ടുണ്ട്. കടുത്ത ശത്രുതയുമായി നടന്നവര്‍ പിന്നീട് ഭായിഭായി ആയി അധികാരം പങ്കിടുന്നതും ഉറ്റമിത്രങ്ങളും രക്തബന്ധമുള്ളവര്‍ പോലും ബദ്ധവൈരികളായി മാറുന്നതുമൊക്കെ ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലും ജനം പലതവണ കണ്ടതാണ്. അതുകൊണ്ടു തന്നെ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ശത്രുക്കളാക്കി തുല്യ അകലത്തില്‍ നിര്‍ത്തുന്ന നയം തിരുത്തി കോണ്‍ഗ്രസുമായി അടുക്കാന്‍ സി.പി.എം നടത്തുന്ന നീക്കം ആരിലും അമ്പരപ്പ് സൃഷ്ടിക്കുന്നില്ലെങ്കിലും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ ശത്രുപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ബി.ജെ.പിയെ മാത്രം മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടുന്ന പുതിയ നയം വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചാണ് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ ദിവസം സമാപിച്ചത്. കേരള ഘടകത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടെങ്കിലും നയംമാറ്റത്തിനു പാര്‍ട്ടിയില്‍ പൊതുവെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരുകാലത്ത് ആജന്മ ശത്രുക്കളായാണ് കണക്കാക്കപ്പെട്ടിരുന്നത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ആ ശത്രുത ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ അടക്കിവാണിരുന്ന കോണ്‍ഗ്രസിനോട് രാജ്യത്തെ പ്രധാന വിപ്ലവപ്രസ്ഥാനമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൈത്രി തെല്ലും സാധ്യമല്ലാതെ വരുന്നത് സ്വാഭാവികം. മാത്രമല്ല, അന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമെന്ന കരുത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍, പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു ചേരികളുടെയും അവസ്ഥ മാറി. പല കാര്യങ്ങളിലും മാറി ചിന്തിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ ഇരുകൂട്ടരും.
കോണ്‍ഗ്രസ് ബന്ധവും അതിന്റെ പേരിലുള്ള തര്‍ക്കങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അത്ര പുതുമയുള്ള കാര്യങ്ങളൊന്നുമല്ല. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപംകൊള്ളാനിടയാക്കിയ രണ്ടു പ്രധാന വിഷയങ്ങളിലൊന്ന് കോണ്‍ഗ്രസിനോടുള്ള സമീപനമായിരുന്നു. കടുത്ത കോണ്‍ഗ്രസ് വിരുദ്ധതയുമായി പിറന്ന സി.പി.എം കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്ന പാര്‍ട്ടി പരിപാടിയുമായി മുന്നോട്ടുപോയപ്പോള്‍ കുറേക്കാലം കോണ്‍ഗ്രസുമായി സഹകരിക്കുകയും ഭരണം പങ്കിടുകപോലും ചെയ്യുന്ന സമീപനമാണ് സി.പി.ഐ സ്വീകരിച്ചത്. പിന്നീട് ഇടതുപക്ഷ ഐക്യമെന്ന മുദ്രാവാക്യം സ്വീകരിച്ച് കോണ്‍ഗ്രസ് ബന്ധം വിട്ട് ഇടതുചേരിയിലെത്തിയ സി.പി.ഐയും വീണ്ടും കോണ്‍ഗ്രസ് വിരോധികളായി.
കോണ്‍ഗ്രസ് വിരോധം എല്ലാ പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളിലും സി.പി.എം ആവര്‍ത്തിച്ചു ചേര്‍ക്കാറുണ്ടെങ്കിലും 1990കളോടെ തന്നെ അത് അലിഞ്ഞുതുടങ്ങിയിരുന്നു എന്നതാണ് സത്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തുടങ്ങിയ സഹകരണം പിന്നീട് യു.പി.എ സര്‍ക്കാരിനു സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നതിലെത്തി. പല സംസ്ഥാനങ്ങളിലും ഇരു കക്ഷികളും തമ്മില്‍ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഹകരണവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരസ്യമായ സഖ്യം വരെയുമുണ്ടായി. രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം ഗതികേടു തന്നെയായിരുന്നു അതിനു കാരണം. ഏറെ തിരിച്ചടികള്‍ നേരിട്ട ഇരു പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ ഒരു സംസ്ഥാനത്തും ഒറ്റയ്ക്കു പൊരുതി നില്‍ക്കാനുള്ള ശേഷിയില്ല. ഇരുവരുടെയും പൊതുശത്രുവായ ബി.ജെ.പിയാകട്ടെ, വലിയ ഭീഷണിയായി മുന്നില്‍ വളര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ പഴയ ശത്രുതയ്ക്ക് ഇനി പ്രസക്തിയില്ലെന്നതാണ് രാഷ്ട്രീയ യാഥാര്‍ഥ്യം.
രാജ്യത്തെ മതേതരസമൂഹം എല്ലാ മതേതര ശക്തികളുടെയും ഐക്യം ആഗ്രഹിക്കുന്ന സാഹചര്യവും നിലവിലുണ്ട്. മതേതര, ജനാധിപത്യ മൂല്യങ്ങളെയെല്ലാം നിഷ്‌കരുണം തല്ലിത്തകര്‍ത്തുകൊണ്ട് മുന്നേറുന്ന കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും സംഘ്പരിവാര്‍ ഫാസിസ്റ്റുകളെയും തടഞ്ഞുനിര്‍ത്താന്‍ മതേതര രാഷ്ട്രീയ കക്ഷികള്‍ മറ്റെല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച് ഐക്യപ്പെടണമെന്ന ബഹുജനാഭിപ്രായം രാജ്യത്തു ശക്തിപ്രാപിക്കുകയാണ്. രാഷ്ട്രീയമായും സംഘടനാപരമായും എന്തൊക്കെ തകരാറുകളുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ആ പാര്‍ട്ടിയില്ലാതെ ഒരു മതേതര ബദല്‍ സാധ്യമല്ലെന്ന തിരിച്ചറിവും സി.പി.എമ്മിനുണ്ടായി എന്നു കരുതാം. പാര്‍ട്ടിയില്‍ പ്രാദേശിക താല്‍പര്യങ്ങളടക്കമുള്ള പല കാരണങ്ങളാല്‍ വിമത ശബ്ദങ്ങള്‍ ഉയരാമെങ്കിലും മതേതരത്വത്തെയും ജനാധിപത്യത്തെയും നെഞ്ചിലേറ്റുന്ന ഇന്ത്യന്‍ പൊതുസമൂഹം സി.പി.എമ്മിന്റെ ഈ നയംമാറ്റത്തെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."