ഫോറസ്റ്റ് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ഫോറസ്റ്റ് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വന്യജീവികളുടെ ആക്രമണം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടുക്കി മറയൂരില്‍ വന്യജീവികളുടെ ആക്രമണത്തെതുടര്‍ന്ന് കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കുന്നില്ലെന്നാരോപിച്ച് പി.കെ പരീത് നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
വന്യജീവി സംരക്ഷണ നിയമം, വനനിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ചട്ടപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് സത്യവാങ്മൂലം പറയുന്നു.
ഹരജിക്കാരനെതിരേ ഇത്തരം കേസുകളുണ്ട്. പരീത് ചന്ദന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നാലുകേസുകളില്‍ പ്രതിയായിരുന്നു. ഇതില്‍ മൂന്നു കേസുകളില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കിലും വനം വകുപ്പ് അപ്പീലിനൊരുങ്ങുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2010 ജൂണ്‍ 18, ഓഗസ്റ്റ് 18, ഓഗസ്റ്റ് 28 എന്നീ തിയതികളിലാണ് വന്യജീവികള്‍ പരീതിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയില്‍ നാശമുണ്ടാക്കിയത്.
മൂന്നുതവണയായി 9.68 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ പരാതി നല്‍കിയിരുന്നത്. 1980ലെ ചട്ടമനുസരിച്ച് വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശമുണ്ടായാല്‍ വര്‍ഷത്തിലൊരുതവണ മാത്രമേ നഷ്ടപരിഹാരം നല്‍കാനാവൂവെന്നും വനം വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി.ആര്‍ സുനിലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."