പഞ്ചായത്തുകളില്‍ പദ്ധതിപ്രവര്‍ത്തനം താളംതെറ്റുന്നു: 12 ജില്ലകളില്‍ ഡി.ഡി.പിമാരില്ല
കാസര്‍കോട്: ഭൂരിഭാഗം ജില്ലകളിലും ഡി.ഡി.പി തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പഞ്ചായത്തുകളിലെ വിവിധ പദ്ധതികള്‍ നടപ്പാക്കാനാവാത്ത അവസ്ഥയില്‍. മലപ്പുറം,കോട്ടയം ജില്ലകളില്‍ മാത്രമാണു ഡി.ഡി.പിമാരുള്ളത്. ബാക്കിയുള്ള 12 ജില്ലകളിലും ഈ കസേരകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം രണ്ടിലധികമായി.
ഡി.ഡി.പി ഓഫിസുകളില്‍ താല്‍ക്കാലിക ചുമതലക്കാരാണുള്ളത്. സീനിയോറിറ്റി മാനദണ്ഡം മറികടന്നു ജൂനിയര്‍മാര്‍ക്കാണു മിക്കയിടത്തും ചുമതല നല്‍കിയിരിക്കുന്നത്. 14 ജില്ലകളിലും എ.ഡി.പി കസേരയിലിരിക്കുന്നതും താല്‍ക്കാലിക ചുമതലക്കാരാണ്. ഇവിടെയും സീനിയോറിറ്റി മറികടന്നതായാണ് ആരോപണം.
കാസര്‍ക്കോട് ജില്ലയില്‍ മൂന്നുവര്‍ഷത്തോളമായി ഡി.ഡി.പിയുടെ കസേരയില്‍ ആളില്ല. ഇതോടെ 37 പഞ്ചായത്തിലും പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പദ്ധതിവിഹിതം സ്പില്‍ ഓവര്‍ ചെയ്തു കിട്ടാത്തതും പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വൈകുന്നതും ഇതില്‍ പിഴവുകളുണ്ടായതും ഡി.ഡി.പിമാരുടെ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നാണെന്നു പറയുന്നു. ഈ പദ്ധതിയുടെ സമയം നീട്ടിക്കിട്ടിയതോടെയാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നു പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു. പഞ്ചായത്തുകളില്‍ സൂപ്രണ്ടുമാരെ സീനിയോറിറ്റിയും പെര്‍ഫോമന്‍സും മാനദണ്ഡമാക്കിയാണു നിയമിക്കേണ്ടതെന്ന സാമാന്യരീതിപോലും പാലിക്കാതെ വന്നതു പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുകളിലിരിക്കുന്ന ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടാല്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ തയാറാകില്ല. അതേസമയം ജീവനക്കാരെ നിയമിക്കുന്നതിനു മുഖ്യമന്ത്രി നല്‍കിയ മാര്‍ഗനിര്‍ദ്ദേശം പഞ്ചായത്തു തലത്തില്‍ ബാധകമാക്കുന്നില്ലെന്ന ആരോപണവുമുണ്ട്. പഞ്ചായത്തുതലത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കു പ്രൊമോഷന്‍ നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ ഇന്റര്‍ഗ്രേഷന്‍ ആവശ്യപ്പെട്ടു നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സീനിയോറിറ്റി മാനദണ്ഡമനുസരിച്ചു പഞ്ചായത്ത് ജീവനക്കാരുടെ മുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരെ നിയമിക്കേണ്ടി വന്നു. ഈ സാഹചര്യം പഞ്ചായത്തു ജീവനക്കാരുടെ പ്രമോഷനു വിലങ്ങുതടിയാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."