തമിഴ്‌നാട് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചവര്‍ക്ക് സ്പീക്കറുടെ നോട്ടിസ്
ചെന്നൈ: അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കം സജീവമായതോടെ തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധി രൂക്ഷം.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച ദിനകരന്‍ പക്ഷത്തുള്ള 19 എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ നോട്ടിസ് അയച്ചു. 14ാം തിയതി നേരിട്ട് ഹാജരാകാനാണ് എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നിര്‍ദേശം. നേരത്തെ ദിനകരനും 19 എം.എല്‍.എമാരും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. പളനിസാമിയെയും പനീര്‍ശെല്‍വത്തെയും പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ദിനകരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ ഇന്നലെ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് സ്പീക്കര്‍ പി. ധനപാലിന്റെ നടപടി. കൂറുമാറ്റ നിയമപ്രകാരം 19 എം.എല്‍.എമാരെ എന്തുകൊണ്ട് അയോഗ്യരാക്കുന്നില്ലെന്ന് സ്പീക്കര്‍ പളനിസാമിയോട് ചോദിച്ചു. അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷം ഇതോടെ കൂറുമാറിയ എം.എല്‍.എമാര്‍ക്കെതിരേ നടപടിയെടുത്ത് നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
കൂറുമാറിയ എം.എല്‍.എമാര്‍ക്കെതിരേ സ്പീക്കര്‍ എന്ത് നടപടിയെടുക്കുമെന്ന് ആശങ്കയിലാണ് ദിനകരന്‍ പക്ഷം.
പളനിസാമിക്കൊപ്പമുള്ള എം.എല്‍.എമാര്‍ക്ക് ഭരണത്തില്‍ വിശ്വാസമില്ലെന്ന് ദിനകരന്‍ ഗവര്‍ണറേട് പറഞ്ഞിട്ടുണ്ട്. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഉറപ്പുപറഞ്ഞതോടെയാണ് പളനിസാമി-പനീര്‍ശെല്‍വം പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
എന്നാല്‍ സ്പീക്കറുടെ നോട്ടിസില്‍ സമ്മര്‍ദം ശക്തിപ്പെട്ടതോടെ എം.എല്‍.എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച്ച പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ ചേരാനിരിക്കെ കൂര്‍ഗിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയത്. കമ്പം എം.എല്‍.എ ജക്കയ്യന്‍ എടപ്പാടി പക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്നാണ് ദിനകരന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."