ദേര ആസ്ഥാനത്ത് പരിശോധന ആരംഭിച്ചു; ഇന്റര്‍നെറ്റ്, എസ്.എം.എസുകള്‍ റദ്ദാക്കി
സിര്‍സ: ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ ആസ്ഥാനമായ സിര്‍സയില്‍ പരിശോധന ആരംഭിച്ചു. ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷം വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇവിടെ പരിശോധന നടത്തുന്നത്.
50 വിഡിയോ ഗ്രാഫര്‍മാര്‍, മണ്ണ് കുഴിക്കുന്ന യന്ത്രങ്ങള്‍ തുടങ്ങിയ നിരവധി സാമഗ്രികള്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ആസ്ഥാനം സമ്പൂര്‍ണമായി ഒഴിപ്പിക്കാനാണ് നീക്കം.
പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ റിട്ട. ജഡ്ജി എ.കെ.എസ് പവാറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1000 ഏക്കറുകളുള്ള ഇവിടെ പരിശോധന ഒരാഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിര്‍സയിലെ പരിശോധന അനുയായികളെ പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പുണ്ട്.ഇതിനാലാണ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ നടപടിയുടെ ഭാഗമായി സിര്‍സയില്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സര്‍വിസുകള്‍ ഞായറാഴ്ച വരെ റദ്ദാക്കി. സിര്‍സയില്‍ അനിഷ്ട സംഭവങ്ങള്‍ തടയാനാണ് ഇത്തരമൊരു നടപടിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിര്‍സയിലെ ആസ്ഥാനത്ത് കുപ്രസിദ്ധമായ ഗുര്‍മീതിന്റെ ഗുഫ എന്ന പേരിലറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള കെട്ടിടം പരശോധന നടത്തും. അനുയായികളായ രണ്ടുപേരെ ഗുര്‍മീത് ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.
സിര്‍സക്ക് സമീപം നിരവധി ഭാഗങ്ങളിലായി സുരക്ഷാ പരിശോധനയ്ക്കായി പൊലിസിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഹരിയാന പൊലിസ് മേധാവി ബി.എസ് സന്ദു പറഞ്ഞു.
പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി
സിര്‍സ: ഗുര്‍മീതിന്റെ ആസ്ഥാനത്ത് ഇന്നലെ മുതല്‍ ആരംഭിച്ച പരിശോധനയ്ക്കിടെ പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി. സിര്‍സയിലെ ആസ്ഥാനത്ത് ഈ നാണയങ്ങള്‍ ഉപയോഗിച്ചാണ് ക്രിയവിക്രയങ്ങള്‍ നടത്താറുള്ളതെന്ന് അനുയായികള്‍ പറഞ്ഞു.
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്ക് സമാനമായ പത്തിന്റെയും ഒന്നിന്റെയും നാണയങ്ങള്‍ ഇവിടെ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിര്‍സയിലെ ഗുര്‍മീതിന്റെ ആസ്ഥാനത്ത് ഇന്ത്യയുടെ യാഥാര്‍ഥ നാണയങ്ങള്‍ ഇല്ലെങ്കില്‍ ഇവയാണ് ഉപയോഗിക്കുക. ഇവിടെയുളള കടകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങള്‍ സ്വീകരിക്കും . വന്‍ സുരക്ഷാ സന്നാഹത്തോടെ ഇവിടെ നടത്തുന്ന പരിശോധനയില്‍ വന്‍ തോതില്‍ പണവും കണ്ടെത്തിയിട്ടുണ്ട്. ആയിരത്തോളം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഗുര്‍മീതിന്റെ സിര്‍സയിലെ സാമ്രാജ്യം. സ്വന്തമായി ഒരു നഗരവും സ്‌കൂള്‍, വീടുകള്‍, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍, താജ്മഹല്‍, ഈഫല്‍ ടവര്‍ എന്നിവയുടെ മാതൃകയിലുള്ള കെട്ടിടങ്ങളുമുണ്ട്. ഗുര്‍മീതിന്റെ നിര്‍ദേശാനുസരണം ജീവിക്കുന്ന അനുയായികള്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ പുറത്ത് ഉപയോഗിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."