കടകംപള്ളിക്കു ചൈനയില്‍ പോകാന്‍ കേന്ദ്രം കനിയില്ല
ന്യൂഡല്‍ഹി: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇക്കാര്യം പുനഃപരിശോധിക്കില്ലെന്നാണു വിദേശകാര്യമന്ത്രാലയത്തില്‍നിന്നു ലഭിക്കുന്ന സൂചന.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായ സാഹചര്യമുള്ളതുകൊണ്ടാണു യാത്ര നിഷേധിച്ചതെന്നു മന്ത്രാലയം പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ചൈനാവിഭാഗമാണു തീരുമാനമെടുത്തതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിശദീകരണം.
എന്നാല്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമാകുകയും ദോക് ലോ മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍പ്പോലും കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ, പ്രകാശ് ജാവേദ്കര്‍, ജെ.പി നഡ്ഡ എന്നിവരും അതിര്‍ത്തിയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിന്റെ അടുത്തദിവസം പ്രധാനമന്ത്രിയും ചൈന സന്ദര്‍ശിച്ചുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.
ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്തലാണു ലക്ഷ്യമെങ്കില്‍ തനിക്കു യാത്രാനുമതി നല്‍കുകയാണു വേണ്ടിയിരുന്നതെന്നാണു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. അനുമതി നിഷേധിക്കുന്നുവെന്ന ഒറ്റവരി സന്ദേശമാണു കേന്ദ്രത്തില്‍നിന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വശങ്ങളും പരിശോധിച്ചാണു അനുമതി നിഷേധിച്ചതെന്നു കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ടാകുമെന്നും മന്ത്രാലയവക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
സംസ്ഥാനമന്ത്രിയടക്കമുള്ള ഉന്നതവ്യക്തികളുടെ യാത്രക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം, അവിടെയുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം എന്നിവയുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."