ടെലികോം സേവനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി കമ്പനികള്‍
കോഴിക്കോട്: സര്‍ക്കാര്‍ സംബന്ധമായ ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും മൊബൈല്‍ ഫോണ്‍ സേവനത്തിനു ആധാര്‍ നിര്‍ബന്ധമാക്കി സേവന ദാതാക്കള്‍. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവന ദാതാക്കളാണ് ആധാറില്ലെങ്കില്‍ സേവനം നല്‍കില്ലെന്നു തീരുമാനിച്ചത്. പുതിയ കണക്ഷനോ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയോ (എം.എന്‍.പി) ഉള്‍പ്പെടെയുള്ള സേവനത്തിന് എത്തുന്ന ഉപഭോക്താക്കളെ ആധാറില്ലെങ്കില്‍ മൊബൈല്‍ സേവന ദാതാക്കളുടെ ഓഫിസുകളില്‍ നിന്നു തിരിച്ചയക്കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശ പ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് ഉപഭോക്താക്കളോടു സേവനദാതാക്കള്‍ വിശദീകരിക്കുന്നത്.
ഉപഭോക്താക്കളുടെ ആധാര്‍ വെരിഫിക്കേഷനു കമ്പനികളുടെ ഓഫിസുകളിലെല്ലാം ഫിംഗര്‍ പ്രിന്റ് ഡിവൈസുകളും ഒരുക്കിക്കഴിഞ്ഞു. ഇതു ആധാര്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവോടെയാണു ടെലികോം സേവനത്തിനു തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയത്. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മറ്റു കമ്പനികളും ജിയോയുടെ രീതി പിന്തുടരുകയായിരുന്നു. ആധാര്‍ കേസില്‍ അന്തിമ വിധി വരുന്നതു വരെ ഒരു സര്‍ക്കാര്‍ സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സുപ്രിംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണു ഉത്തരവിട്ടത്. കേസ് ഇപ്പോള്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ആധാര്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയാണു സുപ്രിംകോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ സേവനത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതു സംബന്ധിച്ച് സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന് കേരളത്തില്‍ നിന്നു നൂറിലേറെ പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."