രണ്ടു വര്‍ഷത്തിനിടെ 11 ഭര്ത്താക്കന്മാര്; തായ്ലന്ഡില് ഒരു വിവാഹ തട്ടിപ്പുവീര
ബാങ്കോക്ക്: സ്വര്‍ണവും പണവും ലക്ഷ്യമിട്ടു വിലസുന്ന വിവാഹ തട്ടിപ്പുവീരന്മാരെ ഏറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ തായ്ലാന്ഡിലിതാ ഒരു വിവാഹ തട്ടിപ്പുവീര. രണ്ടു വര്‍ഷത്തിനിടെ 11 വിവാഹങ്ങളാണ് ഈ യുവതി കഴിച്ചിരിക്കുന്നത്. വിവാഹം കഴിച്ച് ഭര്‍ത്താക്കന്മാരില്‍നിന്നു ലക്ഷങ്ങള്‍ തട്ടി മുങ്ങുകയാണ് യുവതിയുടെ രീതി.
തായ് ആചാരം അനുസരിച്ചു വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് പുരുഷന്മാരാണു സ്ത്രീധനം നല്‍കേണ്ടത്. ഈ അവസരം മുതലെടുത്ത് ഓരോരുത്തരെയും സമീപിക്കുകയാണു യുവതിയുടെ പതിവ്. ആണുങ്ങളുടെ സാമ്പത്തികശേഷിക്കനുസരിച്ച് യുവതി മൂന്നു മുതല്‍ 19 വരെ ലക്ഷം രൂപ സ്ത്രീധനം വാങ്ങിയിട്ടുണ്ടത്രെ. ഈ പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു വീട്ടില്‍നിന്നു മുങ്ങുകയാണു രീതി. കഴിഞ്ഞ മാസം മാത്രം ഇത്തരത്തില്‍ നാലു വിവാഹങ്ങള്‍ യുവതി നടത്തിയതായി പൊലിസ് പറയുന്നു. നേരത്തെ 12 പേരില്‍നിന്ന് ഇത്തരത്തില്‍ യുവതിക്കെതിരേ പരാതി ലഭിച്ചിരുന്നു. ഒരാള്‍ പിന്നീട് പിന്മാറുകയായിരുന്നു.
ജരിയപോണ്‍ നമണ് ഭുയൈ എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തുന്നത്. ഇതു യഥാര്‍ഥ പേരാണോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പരാതികള്‍ക്കുമേല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പ്രാദേശിക പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."