ഉ.കൊറിയക്കെതിരായ കടുത്ത ഉപരോധം: യു.എന്‍ രക്ഷാസമിതിയില്‍ നാളെ വോട്ടെടുപ്പ് നടന്നേക്കും
ന്യൂയോര്‍ക്ക്: ഉ.കൊറിയക്കെതിരേ കടുത്ത ഉപരോധമേര്‍പ്പെടുത്തുന്നതിനു മേല്‍ ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്ത്. നാളെ യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
എണ്ണ വിലക്ക്, ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെയും സര്‍ക്കാരിന്റെയും സ്വത്തുക്കള്‍ മരവിപ്പിക്കുക, രാജ്യത്തിന്റെ വസ്ത്രകയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുക, വിദേശത്തു കഴിയുന്ന ഉ.കൊറിയന്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം നിര്‍ത്തലാക്കുക, സര്‍ക്കാര്‍ വൃത്തങ്ങളുടെ വിദേശയാത്ര നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള കരടുപ്രമേയം അമേരിക്ക ഐക്യരാഷ്ട്രസഭയ്ക്കു മുന്‍പാകെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇതിന്റെ പകര്‍പ്പുകള്‍ അംഗരാജ്യങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വസ്ത്രകയറ്റുമതി നിരോധനം ഒഴികെയുള്ള എല്ലാ നിര്‍ദേശങ്ങളെയും റഷ്യയും ചൈനയും എതിര്‍ത്തതായാണു വിവരം. വെള്ളിയാഴ്ച രക്ഷാസമിതിയിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയതായാണ് അറിവ്. നേരത്തെ, ഉ.കൊറിയയെ അടക്കിനിര്‍ത്താനുള്ള യു.എന്‍ നീക്കങ്ങളെ പിന്താങ്ങുമെന്ന് ചൈന അറിയിച്ചിരുന്നു.
ഉ.കൊറിയയുടെ ശക്തരായ സഖ്യരാജ്യം കൂടിയായ ചൈന ഈ നിലപാട് തിരുത്തിയതായാണു സൂചന. വിഷയത്തില്‍ കടുത്ത നടപടികള്‍ ഉ.കൊറിയയെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യൂവെന്നും ആഗോളദുരന്തമായിരിക്കും അതിന്റെ ഫലമെന്നും നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക മാത്രമാണ് ഉചിതമായ മാര്‍ഗമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഞായറാഴ്ച ഉ.കൊറിയ തങ്ങളുടെ ആറാമത്തെ ആണവ പരീക്ഷണം നടത്തിയതാണ് ഇടവേളയ്ക്കു ശേഷം വീണ്ടും ലോകരാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെയും ലോകരാജ്യങ്ങളുടെയും ഭീഷണികള്‍ മുഖവിലക്കെടുക്കാതെയാണ് ഉ.കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്.
ഒരുപക്ഷെ, സംഭവത്തിനുശേഷം ഒരു ആഴ്ച പിന്നിടുന്ന ഇന്നും ഉ.കൊറിയ മിസൈല്‍ പരീക്ഷണം നടത്താനിടയുണ്ടെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."