കണ്‍മുന്നില്‍ കുഴഞ്ഞുവീഴുന്നവരെ രക്ഷിക്കാന്‍ പാടുപെടുന്നവരുടെ വ്യഥ
ശ്രീമതി എസ്. ശാരദക്കുട്ടി മാഡം/സമാന ചിന്താഗതിയുള്ളവര്‍ക്ക്...
നിങ്ങള്‍ പറഞ്ഞുവച്ച 'സ്വാശ്രയ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ ഫീസ് മുതലാക്കല്‍, കൊള്ളക്കാരെ സമൂഹത്തിലേക്കു തുറന്നുവിടല്‍' തുടങ്ങിയ പ്രസ്താവനകളോടു കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിങ്ങളുടെ മുന്‍വിധികളെ അഴിച്ചുവിടാനും അതു പ്രസിദ്ധീകരിക്കാനും എടുക്കുന്നതിന്റെ പകുതി ഊര്‍ജം മതിയായിരുന്നല്ലോ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയുമായി നേരിട്ടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍.
നിങ്ങള്‍ക്ക് കൊള്ള നടത്തുന്ന ഡോക്ടര്‍മാരെ അറിയുമായിരിക്കാം. അങ്ങനെയുള്ളവരുണ്ടെന്നതു നിഷേധിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നില്ല. പക്ഷേ, അവര്‍ പഠിച്ച കോളജല്ല അവരെ അങ്ങനെയാക്കുന്നത്, അവരുടെ മനോഭാവമാണ്. സ്വാശ്രയത്തില്‍ പഠിച്ചവരെ മുഴുവന്‍ അങ്ങനെയങ്ങ് കരിവാരിത്തേക്കാതെ...ഞങ്ങളും അതേ എം.ബി.ബി.എസ് അതേ ആരോഗ്യസര്‍വകലാശാലയ്ക്കു കീഴില്‍ പഠിച്ചു പാസാകുന്നവരാണ്.
സര്‍ക്കാര്‍ സര്‍വിസ് ആശിക്കുന്ന, സ്വന്തമാക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ആദ്യമായി കിട്ടുന്ന ഔദ്യോഗിക ജോലി സര്‍ക്കാരില്‍ വേണമെന്ന നിര്‍ബന്ധത്തില്‍ കാത്തിരിക്കുന്ന ഡോക്ടറാണ് ഇതെഴുതുന്നത്. അടുത്ത മാസത്തോടെ കരാര്‍ അടിസ്ഥാനത്തിലെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കയറാന്‍ തീരുമാനിച്ചതും ആത്മാര്‍ഥമായ ആഗ്രഹത്തിന്റെ പേരിലാണ്. ഞാന്‍ കൊടുത്ത ഫീസ് 'മുതലാക്കാന്‍' ആ ജോലി എത്ര കാലം ചെയ്യണമെന്നറിയാമോ?
ശരി, നിങ്ങളെന്റെ അഞ്ചര വര്‍ഷത്ത ഫീസായി എനിക്ക് ഏകദേശം അന്‍പത് ലക്ഷം രൂപ വിലയിട്ടെന്നു വയ്ക്കുക, എന്റെ അധ്വാനത്തിന് എന്തു വിലയിടും? എന്റെ പുസ്തകങ്ങളുടെപഠനോപകരണങ്ങളുടെ വില? എന്റെ അഞ്ചര വര്‍ഷത്തെ വണ്ടിക്കൂലി? ഞാന്‍ ഹോസ്റ്റലില്‍ നിന്നിരുന്നെങ്കില്‍ എന്റെ ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ്? എന്റെ മറ്റു ചെലവുകള്‍? ഇതെല്ലാം ചേര്‍ത്തുണ്ടാക്കാന്‍ അല്ല മാഡം ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനു തുനിഞ്ഞിറങ്ങിയത്. ഇന്നത്തെ സാഹചര്യത്തില്‍ അതിനൊട്ടു സാധിക്കുകയുമില്ല. മാഡത്തിനറിയാമോ ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ കുഴഞ്ഞു മരിക്കും വരെ അയാളെ തിരിച്ചുകിട്ടാന്‍ ശ്രമിക്കുന്ന വ്യഥ? അവരുടെ ബന്ധുക്കളെ രോഗകാഠിന്യത്തിന്റെ വിവരമറിയിക്കാന്‍ ചെല്ലുമ്പോള്‍ വാക്കുകള്‍ പുറത്തുവരാത്ത വിങ്ങലും വിറയലും അറിയാമോ? വിവരം കേട്ടു കൈയിലേക്കു തളര്‍ന്നുവീണ ബന്ധുവിനെ നോക്കണോ അപ്പുറത്തു ജീവനും മരണത്തിനും ഇടയില്‍ കിടക്കുന്ന രോഗിയെ നോക്കണോ എന്നറിയാതെ അന്തിച്ചു നിന്നിട്ടുണ്ടോ? (ആ സമയത്തൊന്നും പുട്ടടിക്കാന്‍ കാശുണ്ടാക്കണമെന്ന് മനസില്‍ തോന്നില്ല. അങ്ങനെ തോന്നുന്നവരുണ്ടാകാം, ആ ചെറിയ കൂട്ടത്തെ ഡോക്ടറെന്ന് പോയിട്ടു മനുഷ്യനെന്നു പോലും വിളിക്കരുത്.) രോഗി പേയ്‌മെന്റ് പേഷ്യന്റ് ആണെന്ന് അറിയുമ്പോള്‍ എഴുതാതെ വിട്ട ടെസ്റ്റുകളുടെ കണക്കറിയാമോ? എഴുതുന്നതിലും കൂടുതലാണ് ഞങ്ങള്‍ എഴുതാത്തവ. ഞങ്ങളുടെ അധ്യാപകര്‍ പഠിപ്പിച്ചത് അതാണ്. തുടരാന്‍ പോകുന്നതും അതുതന്നെ.
ഫീസ് 11 ലക്ഷമാക്കുന്നതിലെ അന്യായത്തിനെതിരേ ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? അവരോരോരുത്തും പേരും വിലാസവും കൈയൊപ്പും വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചത് അറിഞ്ഞിരുന്നോ? ഞങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിര്‍ത്താന്‍ പഠനസമയത്തേ ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു എന്നര്‍ഥം.
ഇത്രയൊന്നും എഴുതണമെന്ന് കരുതിയതല്ല. പറയിച്ചിട്ടാണ്. നിങ്ങളെപ്പോലുള്ളവര്‍ പറയിപ്പിക്കുന്നതാണ്. സമൂഹത്തില്‍ നിലയും വിലയുമുള്ളവര്‍ കൂടി ഇത് ഏറ്റുപാടുമ്പോള്‍ വലിയ വിഷമമുണ്ട് മാഡം. ഞങ്ങളൊക്കെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ ആശിച്ചവര്‍ തന്നെയാണ്. ചെറിയ റാങ്ക് വ്യത്യാസത്തില്‍ ആ ഭാഗ്യം നഷ്ടപ്പെട്ടവരാണ്. ആതുരസേവനത്തിലേക്കു മോഹിച്ചുവന്നവരാണ്(അല്ലാത്തവര്‍ ന്യൂനപക്ഷം മാത്രം). വര്‍ഷങ്ങളോളം ഊണും ഉറക്കവും നഷ്ടപ്പെടുത്തി അധ്വാനിച്ചുനേടിയ ഡിഗ്രിയാണ്..
വന്ദിക്കണമെന്നു പറയില്ല.
സാമാന്യവല്‍ക്കരിച്ച് നിന്ദിക്കരുത്.
ബഹുമാനപൂര്‍വം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."