അനീതികളോട് കലഹിച്ച എഴുത്തുകാരന്‍
കലഹിക്കുന്ന ആത്മാവിന്റെ ഉടമയായിരുന്നു പോക്കര്‍ കടലുണ്ടി എന്നറിയപ്പെട്ട കടലുണ്ടി നഗരം മേലേവീട്ടില്‍ കുഞ്ഞിപ്പോക്കര്‍. തനിക്കു ചുറ്റും നടമാടുന്ന അനീതികളോട് അദ്ദേഹത്തിന്റെ ആത്മാവ് സദാ കലഹിച്ചുകൊണ്ടിരുന്നു. തെറ്റെന്നു തനിക്കു തോന്നുന്ന ഒന്നിനോടും രാജിയാകാന്‍ അദ്ദേഹം തയാറായിരുന്നില്ല. നീതിക്കു വേണ്ടിയുള്ള ദാഹം കനല്‍ പോലെ പോക്കര്‍ സാഹിബിന്റെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരുന്നു. സന്ധിക്കു തയാറല്ലാത്ത കലാപകാരിയായിരുന്നു ഉള്ളിലും പുറത്തും അദ്ദേഹം. ക്ഷുഭിത യൗവനവും ക്ഷുഭിത വാര്‍ധക്യവുമായിരുന്നു അദ്ദേഹത്തിന്റേത്.
1944 ഒക്ടോബര്‍ 15നാണ് പോക്കര്‍ സാഹിബിന്റെ ജനനം. പിതാവ് ചേക്കുട്ടി ഹാജി. മാതാവ് ഇത്തയ്മക്കുട്ടി. കടലുണ്ടി നഗരം ഫിഷറീസ് എല്‍.പി സ്‌കൂളിലും അരിയല്ലൂര്‍ ദേവീ വിലാസം ഹയര്‍ എലമെന്ററി സ്‌കൂളിലും ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളജില്‍നിന്ന് പ്രീഡിഗ്രി പാസായതിനു ശേഷം മധുരയിലെ ഗാന്ധി ഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു ഗ്രാമീണ സാമൂഹിക സേവനത്തില്‍ ബിരുദം കരസ്ഥമാക്കി. പിന്നീട് കേരള സര്‍വകലാശാലയില്‍നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. ഇതിനിടെ, മദ്രാസിലെ ശാന്തനൂസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചിത്രകലയില്‍ ഡിപ്ലോമയും നേടിയിരുന്നു.
മധുരയിലെ ഗാന്ധി ഗ്രാമില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടത്തെ മാഗസിനു വേണ്ടി പോക്കര്‍ സാഹിബ് വരച്ച കവര്‍ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും വി.കെ കൃഷ്ണ മേനോന്റെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമാകുകയും ചെയ്തു. ചിതയില്‍ കിടക്കുന്ന മഹാത്മാ ഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്‌റു വികാരതീവ്രമായ മൗനത്തോടെ നോക്കിനില്‍ക്കുന്നതായും അപ്പോള്‍ ഗാന്ധി ചിതയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായുമാണ് അദ്ദേഹം ചിത്രീകരിച്ചിരുന്നത്. തന്നിലെ ചിത്രകാരനെ പിന്നീടദ്ദേഹം 'ദയാവധം' നടത്തിയെന്നാണു മനസിലാകുന്നത്. ചിത്രകാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ അടുത്ത സുഹൃത്തുക്കള്‍ പോലും അറിയില്ല.
പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനായിരുന്നു പോക്കര്‍ കടലുണ്ടി ജീവിതത്തില്‍ ഏറിയ കാലവും. തമിഴ്, ഉറുദു, ഇംഗ്ലീഷ്, അറബി, പേര്‍ഷ്യന്‍ ഭാഷകളിലെ പ്രാവീണ്യവും പാണ്ഡിത്യവും എഴുത്തിലെ കൃതഹസ്തതയും അദ്ദേഹത്തെ വേറിട്ട പത്രപ്രവര്‍ത്തകനാക്കി. ഭാഷയിലെ എല്ലാ വ്യവഹാരരൂപങ്ങളും അദ്ദേഹത്തിനു കരതലാമലകമായിരുന്നു. ഗഹനമായ പഠനപ്രബന്ധങ്ങള്‍ മുതല്‍ മുതല്‍ ഉപഹാസഗര്‍ഭമായ ആക്ഷേപഹാസ്യങ്ങള്‍ വരെ അനായാസം അദ്ദേഹം കൈകാര്യം ചെയ്തു.
'ചന്ദ്രിക'യില്‍ സഹപത്രാധിപരായിരിക്കെ എഴുതിയ ഒരു കഥ വലിയ പുകിലുണ്ടാക്കി. അദ്ദേഹത്തെ പത്രത്തില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ സി.എച്ചിനെ ചെന്നു കണ്ടു. സി.എച്ച് അവരെ ആശ്വസിപ്പിച്ചു മടക്കി അയച്ചതിനു ശേഷം പോക്കര്‍ സാഹിബിനെ വിളിച്ച് അഭിനന്ദിച്ചു. കുറിക്കു കൊള്ളുന്ന എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റേത്. 1972 മുതല്‍ 1979 വരെയാണ് 'ചന്ദ്രിക'യില്‍ അദ്ദേഹം ജോലി ചെയ്തത്. 'ചന്ദ്രിക'യില്‍ തന്നെ എഴുതിയ 'ശീറാസിന്റെ പൂങ്കുയില്‍' അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്. 'ചന്ദ്രിക'യില്‍ ജീവനക്കാരനായിരിക്കെ മുസ്‌ലിം ലീഗിനെതിരേ മത്സരിച്ച് വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ചരിത്രവും പോക്കര്‍ സാഹിബിനുണ്ട്.
1979ല്‍ പോക്കര്‍ സാഹിബ് അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ 'ലീഗ് ടൈംസി'ല്‍ ചീഫ് സബ് എഡിറ്ററായി ചുമതലയേറ്റു. 1984 വരെ അവിടെ തുടര്‍ന്നു. 'ലീഗ് ടൈംസ് ' ഫ്രൈഡേ ഫീച്ചറിന്റെ ചുമതല ജമാല്‍ കൊച്ചങ്ങാടിക്കായിരുന്നുവെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ എഴുതിയിരുന്നത് പോക്കര്‍ സാഹിബായിരുന്നു. പേര്‍ഷ്യന്‍ മഹാകവികളെ കുറിച്ചുള്ള പരമ്പര, ഒരു പഞ്ചായത്തും കുറേ നായ്ക്കളും എന്ന രാഷ്ട്രീയ ഹാസ്യ നോവല്‍, തമിഴ് ഗ്രന്ഥകാരനായ സയ്യിദ് ഇബ്‌റാഹീമിന്റെ പ്രവാചക ജീവചരിത്രം പരമ്പര എന്നിവ പ്രസിദ്ധീകരിച്ചുവന്നത് ഫ്രൈഡേ ഫീച്ചറിലാണ്.
'ലീഗ് ടൈംസ് ' നിന്നതിനു ശേഷം 'മാധ്യമം','സിറാജ് ' ദിനപത്രങ്ങളിലും പോക്കര്‍ സാഹിബ് സഹപത്രാധിപ പദവികളില്‍ ഹൃസ്വകാലം ജോലി ചെയ്തു. 'താലോലം' ബാലമാസികയുടെ പത്രാധിപര്‍, പൂങ്കാവനം ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടിവ് എഡിറ്റര്‍, 'പാരമ്പര്യം' ആയുര്‍വേദ മാസിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 'കലിമ'യുടെയും ഐ.പി.എച്ചിന്റെയും വിജ്ഞാനകോശങ്ങളില്‍ സൂഫിസം, തത്ത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട ഗഹനവിഷയങ്ങളില്‍ ഒട്ടേറെ പ്രധാന ശീര്‍ഷകങ്ങളില്‍ ലേഖനങ്ങള്‍ തയാറാക്കിയത് പോക്കര്‍ സാഹിബാണ്. പരന്ന വായനയിലൂടെ മിക്കവാറും എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 'ശഹീദേ ഖുദാദാദ് ', 'അല്ലാഹുവിന്റെ വാള്‍', 'അര്‍ഥമുള്ള ഇസ്‌ലാം', 'മനോരജ്ഞിതപ്പൂക്കള്‍', 'പ്രവാചക പത്‌നിമാര്‍', 'ഗുലിസ്ഥാന്‍ കഥകള്‍', 'ശീറാസിലെ പൂങ്കുയില്‍', 'മുഹമ്മദ് (സ)', 'ഹിറ്റ്‌ലറുടെ കാമുകിമാര്‍', 'ഇമാം കദ്ദാബിയുടെ ഫത്‌വകള്‍', 'മോചനത്തിലേക്ക് ' എന്നിവയാണ് പ്രധാന രചനകള്‍.
സൂക്ഷ്മമായ നര്‍മബോധം, വിട്ടുവീഴ്ചയില്ലാത്ത നീതിനിഷ്ഠ, കറകളഞ്ഞ സൗഹൃദം, അഗാധമായ സ്‌നേഹവായ്പ്, നേരെവാ നേരെപോ മനസ്ഥിതി, കാപട്യലേശമില്ലാത്ത പാണ്ഡിത്യം, വിനയം എന്നിവയായിരുന്നു പോക്കര്‍ സാഹിബിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍. ജഗദീശ്വരന്‍ അദ്ദേഹത്തിനു സ്വര്‍ഗം പ്രദാനം ചെയ്യട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."