ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവല നവീകരണത്തിനായി പദ്ധതി
മട്ടാഞ്ചേരി: ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ പതിനേഴ് ഫിഫ ലോക കപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദേശികള്‍ക്ക് കൊച്ചിയുടെ മുഖമുദ്രയായ ചീനവലകള്‍ പൈതൃക തനിമയോടെ കാണുന്നതിനായി ടൂറിസം വകുപ്പിന്റെ പദ്ധതി.ഒന്നര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍ നവീകരിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് ടൂറിസം വകുപ്പ് പണം അനുവദിച്ചിരുന്നുവെങ്കിലും തേക്കിന്‍ തടി കിട്ടാതിരുന്നതിനാല്‍ തടസ്സപ്പെടുകയായിരുന്നു.
ചീനവല പൈതൃക തനിമയോടെ നില നിര്‍ത്തണമെങ്കില്‍ തേക്കിന്‍ തടികള്‍ കൊണ്ട് തീര്‍ത്ത കഴകള്‍ വേണ്ടി വരും.ഇപ്പോള്‍ ഇരുമ്പ് കൊണ്ടാണ് തീര്‍ത്തിട്ടുള്ളത്.
ചീനവല നവീകരണത്തിനാവശ്യമായ തേക്ക്,ആഞ്ഞിലി,ചടച്ചി എന്നിവ വനം വകുപ്പ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.പത്ത് മീറ്റര്‍ നീളമുള്ള തേക്കിന്‍ തടികളാണ് വേണ്ടത്.ഇവ തിങ്കളാഴ്ച പ്രത്യേക കണ്ടെയ്‌നറില്‍ കൊച്ചിയിലെത്തിക്കും.ഇതിനായി പ്രത്യേക അനുമതിയും ലഭിച്ചിട്ടുണ്ട്.അടിയന്തിര പ്രാധാന്യത്തോടെ ചീനവല നവീകരിക്കാനാണ് തീരുമാനം.
ഫണ്ട് അനുവദിച്ചിട്ടുള്ളത് ടൂറിസം വകുപ്പാണെങ്കിലും നവീകരണ ചുമതല കിറ്റ്‌കോക്കാണ് നല്‍കിയിരിക്കുന്നത്.നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി കെ.ജെ.മാക്‌സി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ യോഗം ചേര്‍ന്നു.ചീനവല ഉടമകളുടേയും ടൂറിസം,കിറ്റ്‌കോ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.ഫിഫ അണ്ടര്‍ പതിനേഴ് ലോക കപ്പ് ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിക്കുന്നത്.ലോക കപ്പിന്റെ പരിശീലന വേദികളില്‍ രണ്ടെണ്ണം ഫോര്‍ട്ട്‌കൊച്ചിയിലാണ്.
ഒന്ന് പരേഡ് മൈതാനവും മറ്റൊന്ന് വെളി മൈതാനവും.കൊച്ചിയുടെ മുഖമുദ്രയായ ചീനവല അതിന്റെ പൈതൃക തനിമ ചോരാതെ തന്നെ വിദേശികളെ കാണിക്കുകയെന്നതാണ് ലക്ഷ്യം.ഫോര്‍ട്ട്‌കൊച്ചിയില്‍ പതിനൊന്ന് ചീനവലകളാണുള്ളത്.
ഇവയെല്ലാം നവീകരിക്കാനാണ് തീരുമാനം.ചീനവലകളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഇവയെല്ലാം കൊച്ചിയുടെ വിനോദ സഞ്ചാര മേഖലയില്‍ നിര്‍ണ്ണായകമാണ്.
അതിനാലാണ് പൈതൃക തനിമയോടെ ഇവ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തത്.ഇതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്‌കൊച്ചി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി.ശിവന്‍,കിറ്റ്‌കോ സീനിയര്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍ കമല്‍ കുമാര്‍,കോര്‍ഡിനേറ്റര്‍ ബെന്നി ഫര്‍ണാണ്ടസ്,ചീനവല ഉടമകളായ ടെര്‍സന്‍ ആന്റെണി,കെ.ജെ.സൈമണ്‍,വി.എം.രാജേഷ്,തോമസ് കെന്നഡി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."