തകര്‍ന്ന റോഡിലൂടെ നാട്ടുകാര്‍ക്ക് ദുരിതയാത്ര; മൗനം നടിച്ച് അധികൃതര്‍
മുഹമ്മ: തകര്‍ന്ന് ചെളിക്കുളമായ റോഡിലൂടെ ദുരിതയാത്ര തുടരുകയാണ് മുഹമ്മയിലെ കായലോര വാസികള്‍. വള്ളക്കടവ് മുതല്‍ വേമ്പനാട് കായല്‍ വരെ നീളുന്ന റോഡാണ് തകര്‍ന്ന് ശോച്യാവസ്ഥയിലായത്. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് മുഹമ്മയിലേയ്‌ക്കെത്താനുള്ള ഏക സഞ്ചാരമാര്‍ഗ്ഗമാണ് അധികൃതരുടെ അവഗണനയാല്‍ കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്നത്. ഒരു കിലോമീറ്ററോളം നീളമുള്ള റോഡിന്റെ പകുതി ഭാഗം മാത്രമാണ് ടാറിംഗ് നടത്തിയിട്ടുള്ളത്.
ബാക്കി ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് ചെളിവെള്ളം നിറഞ്ഞ് കിടക്കുകയാണ്. ടാറിംഗ് നടത്തിയ ഭാഗവും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നിട്ട് പത്ത് വര്‍ഷത്തോളമായി. നാട്ടുകാര്‍ കൂടാതെ ഹൗസ് ബോട്ടില്‍ കായല്‍ സഞ്ചാരത്തിനായി എത്തുന്ന വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകാറുണ്ട്. സഞ്ചാരികളെ ഹൗസ് ബോട്ടില്‍ എത്തിക്കുന്നതിനായുള്ള അഡംബര കാറുകളടക്കം കടന്നു പോകുന്ന പാതയാണിത്. അതേ സമയം റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ ഇതുവഴി വരാറില്ല.
അഥവാ വന്നാല്‍ വണ്ടിക്ക് കേടുപാട് സംഭവിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ പ്രശസ്തമായ മുക്കാല്‍ വെട്ടം അയ്യപ്പക്ഷേത്രത്തിലേയ്ക്കും അയ്യപ്പന്‍ കളരി പഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ചീരപ്പന്‍ ചിറയിലേയ്ക്കുമുള്ള തീര്‍ത്ഥാടകര്‍ എത്തുന്നതും ഈ റോഡിലൂടെയാണ്.
മണ്ഡലകാലത്ത് നൂറു കണക്കിന് തീര്‍ത്ഥാടകരെത്തുന്ന കേന്ദ്രമാണിത്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. അധികൃതരുടെ ഈ അവഗണനയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."