'ഗൗരി ലങ്കേഷ് വധം: ഫാസിസ്റ്റുകള്‍ ധൈഷണികതയെ ഭയക്കുന്നു'
ദമാം: ഫാസിസ്റ്റുകള്‍ ധൈഷികതയെ ഭയക്കുന്നുവെന്നാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം നല്‍കുന്ന നല്‍കുന്ന സൂചനയെന്ന് ജുബൈല്‍ മീഡിയ ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഫാസിസം അതിന്റെ വളര്‍ച്ചയില്‍ എതിരിടുകയോ, പ്രതികരിക്കുകയോ ചെയ്യുന്ന സാഹിത്യകാരെ, ബുദ്ധിജീവികളെ, പത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയോ കൊല്ലുകയോ ചെയ്യുന്നു. ഗാന്ധിയില്‍ തുടങ്ങി അത് ഗൗരി ലങ്കേഷില്‍ എത്തി നില്‍ക്കുന്നു. ഒരു സ്വരവും, ഒരു വേഷവും, ഒരു ചിന്തയും, ഒരു രുചിയും മതിയെന്നതാണ് ഫാസിസം ആവശ്യപ്പെടുന്നത്. ഭയമാണ് നമ്മെ ഭരിക്കുന്നത്. ആത്മവിശ്വാസമില്ലാത്ത ഒരു തലമുറയായി നാമും നമ്മുടെ കുട്ടികളും വളരുന്നു.
മനുഷ്യനെ ഭയപ്പെടുത്തി അടിമപ്പെടുത്തുകയാണ് മോദി ഭരണത്തില്‍ സംഘ് പരിവാര്‍ ചെയ്യുന്നത്. അവരുടെ ഭീഷണിയെ ലവലേശം കൂസാതെ പ്രതികരിച്ചതിനാണ് ഗൗരി ലങ്കേഷ് ജീവന്‍ നല്‍കേണ്ടി വന്നത്. തീവ്ര ഇടതുപക്ഷവുമായി ഗൗരിക്കോ അച്ഛനോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. സംഘ പരിവാറിന്റെ മത ഭ്രാന്തിനെയാണ് ഗൗരി എക്കാലവും എതിര്‍ത്ത്. ഗൗരിയുടെ മരണം സി.ബി.ഐ കൊണ്ട് അന്വേഷിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ജീവിച്ചിരിക്കുന്നവരേക്കാള്‍ ഫാസിസ്റ്റുകള്‍ പേടിക്കുന്നത് മരിച്ചുപോയവരെയാണ്.
നെഹ്‌റു യുവ കേന്ദ്രയില്‍ നിന്നും നെഹ്‌റു എന്ന നാമം എടുത്തുകളയാനുള്ള നീക്കം അതിനുദാഹരണമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് സംഘികള്‍ സഹിക്കുന്നില്ല. ഉള്ളിലെ ഭയം ഒഴിവാക്കി പ്രതികരിക്കാന്‍ സമൂഹം ഒന്നടങ്കം മുന്നോട്ടുവന്നാല്‍ ഫാസിസം പരാജയപ്പെടും. 'കൊല്ലാം തോല്‍പ്പിക്കാനാവില്ല' എന്ന തലകെട്ടില്‍ ഗൗരി ലങ്കേഷ് ഓര്‍മ്മ സായാഹ്നവും പ്രതിഷേധ സംഗമവും സാഹിത്യകാരന്‍ പി.ജെ.ജെ ആന്റണി ഉല്‍ഘാടനം ചെയ്തു. മീഡിയ ഫോറം ജോയിന്റ് സെക്രട്ടറി റൗഫ് മേലേത്ത് അധ്യക്ഷത വഹിച്ചു. ഷംസുദീന്‍ പള്ളിയാളി ഗൗരി ലങ്കേഷ് ഓര്‍മ്മ അവതരിപ്പിച്ചു. യു.എ റഹിം, സനില്‍ കുമാര്‍,കെ.എച് നൗഷാദ്, അന്‍വര്‍ അബൂബക്കര്‍, നന്ദകുമാര്‍, പ്രജീഷ്, ശിഹാബ് കായംകുളം, ബാപ്പു തേഞ്ഞിപ്പലം, സക്കീര്‍ വടക്കുംതല, അക്ബര്‍ വാണിയമ്പലം, എ.കെ അസീസ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ സലാം കൂടരഞ്ഞി സ്വാഗതവും സാബു മേലതില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."