മുല്ലപ്പെരിയാര്‍: സുരക്ഷ മെച്ചപ്പെടുത്തണമെന്ന് ദേശീയ സുരക്ഷാ സേന
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ദേശീയ സുരക്ഷാ സേന. അണക്കെട്ടില്‍ രാത്രികാലങ്ങളില്‍ അത്യാവശ്യംവേണ്ട വെളിച്ച സംവിധാനങ്ങള്‍ കുറവാണെന്ന് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. 123 അംഗങ്ങള്‍ ഉള്‍പ്പെട്ട മുല്ലപ്പെരിയാര്‍ പൊലിസ് സ്‌റ്റേഷനിലെ ആയുധങ്ങള്‍ അപര്യാപ്തമാണെന്നും ഇക്കാര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും എന്‍.എസ്.ജി ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ അനൂപ് സിങ്, ഐ.ആര്‍.ബി കമാന്റിങ് ഓഫിസര്‍ തോംസണ്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
രണ്ടുദിവസത്തെ പരിശോധനകള്‍ക്കായി ഇന്നലെ രാവിലെയാണ് ചെന്നൈയില്‍നിന്നുള്ള സംഘം തേക്കടിയില്‍ എത്തിയത്. നിലവിലെ സുരക്ഷാ സംവിധാനങളില്‍ സംഘം തൃപ്തരല്ലെന്നാണു സൂചന. അപാകതകള്‍ ചൂണ്ടിക്കാട്ടി സംഘം കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും.
കേരളത്തിന്റെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള കേരള ജലവിഭവ വകുപ്പ് എക്‌സി.എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയല്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എ.ഡി മോഹന്‍ദാസ് എന്നിവരും അണക്കെട്ടില്‍ എത്തിയിരുന്നു. സി.ഐ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പൊലിസുകാര്‍ അണക്കെട്ടിലുണ്ടായിരുന്നു.
എന്നാല്‍, അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള ഡിവൈ.എസ്.പി കേസ് സംബന്ധമായ കാര്യങ്ങള്‍ക്ക് കോടതി ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ പരിശോധനാ സമയത്ത് മുല്ലപ്പെരിയാറില്‍ എത്തിയിരുന്നില്ല.
അതേസമയം, മുല്ലപ്പെരിയാറിലെ പൊലിസ് ഉദ്യോഗസ്ഥര്‍ മഴയും വെയിലും ഏറ്റാണ് ജോലി ചെയ്യുന്നതെന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഭയക്കാതെ ജോലി ചെയ്യാനുള്ള ക്രമീകരണങ്ങള്‍ തമിഴ്‌നാട് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കേരളം പരാതിപ്പെട്ടു. തമിഴ്‌നാടിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ സേന പരിശോധനക്കെത്തിയത്. അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."