ദേശീയപാത: രണ്ടാം ഘട്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും
ആലപ്പുഴ : ദേശീയപാത രണ്ടാം ഘട്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. കപ്പക്കട മുതല്‍ പാതിരാ പള്ളി വരെയുള്ള 12 കിലോമീറ്റര്‍ റോഡാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്.
പുറക്കാട് മുതല്‍ കപ്പക്കടവരെ 10 കി.മി റോഡ് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നാളെ ആരംഭിക്കുന്നത്.
ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറും, കരിങ്കലും സിമന്റും ഒപ്പം റബറും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദരീതിയില്‍ മിക്‌സിങ് പ്ലാന്റിന്റെ സഹായമില്ലാതെയാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്ലിങ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ മോശമായ അവസ്ഥയിലുള്ള റോഡിന്റെ ഉപരിതലം കട്ട് ചെയ്ത് പഴയ ടാറും മെറ്റലും അടങ്ങിയ മിശ്രിതം തന്നെ വീണ്ടും ഉപയോഗിക്കുന്ന ഒരു രീതിയാണിത്. കട്ട് ചെയ്‌തെടുക്കുന്ന പഴയ റീക്ലെയിമിഡ് അസ്ഫള്‍ട് അതിന്റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് അധികമായി ആവശ്യം വരുന്ന പുതിയ മെറ്റലും അധികമായി വേണ്ട ടാറും കുറച്ചു സിമന്റും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് പുതിയ ഉപരിതലം നിര്‍മിക്കുന്നു.
ഇതിനായി വിദേശ നിര്‍മിതമായ വളരെ വിലപിടിപ്പുള്ള യന്ത്രങ്ങളാണുപയോഗിക്കുന്നത്. യന്ത്രത്തിന്റെ പ്രവര്‍ത്തനം മൈക്രോപ്രൊസസ്സര്‍ നിയന്ത്രണത്തില്‍ ആയതിനാല്‍ ഉന്നതമായ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.
ഈ യന്ത്രം ഉപയോഗിച്ച് നിലവിലുള്ള ഉപരിതലം കട്ട് ചെയ്ത് അതോടൊപ്പം തന്നെ ആവശ്യമായ പുതിയ മെറ്റീരിയല്‍ കൂട്ടിച്ചേര്‍ത്തു പുതുതായി വിരിച്ചു ലെവല്‍ അനുസരിച്ചു പാകി ഉറപ്പിക്കുന്നപണി ഒറ്റയടിക്ക് തന്നെ ചെയ്യുന്നു. ഇതില്‍ സാധാരണയെന്ന പോലെ ടാര്‍ മിക്‌സിങ് പ്ലാന്റിന്റെയോ മെറ്റല്‍ ചൂടാക്കുന്നതിന്റെ ആവശ്യകതയോ ഇല്ല.
ടാര്‍ അടക്കമുള്ള നിര്‍മാണ സാമിഗ്രികള്‍ മിക്‌സ് യന്ത്രമുപയോഗിച്ച് കുഴച്ചെടുക്കുന്നതുമൂലം പൊടി പുക എന്നിവ അധികമുണ്ടാവില്ല. ദേശീയപാത പുനര്‍നിര്‍മാണത്തിന് മുന്നോടിയായി കാക്കാഴം റെയില്‍വേ മേല്‍പാലം ഒരു കോടിയോളം രൂപ ചിലവില്‍ നാല് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. നാളെ ആരംഭിക്കുന്ന നിര്‍മാണം ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."