ശബരിമല തീര്‍ത്ഥാടനം: ശുചിത്വ സംവിധാനം ശക്തിപ്പെടുത്താന്‍ കലക്ടറുടെ നിര്‍ദേശം
കോട്ടയം: എരുമേലിയിലും ജില്ലയിലെ മറ്റു ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുളള ഇടത്താവളങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവിടങ്ങളില്‍ ആവശ്യമായ ശുചിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എരുമേലിയില്‍ താല്‍കാലികമായി സജ്ജമാക്കുന്ന ശുചിമുറികളില്‍ നിന്നുളള വിസര്‍ജ്ജ്യങ്ങള്‍ വേണ്ട വിധം സംസ്‌ക്കരിക്കാതെ നദിയിലേക്ക് തള്ളുന്നത് കര്‍ശനമായി തടയുന്നതിന് നടപടി ഉണ്ടാകണം. സ്വകാര്യ സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന ശുചിമുറികളോടെയനുബന്ധിച്ച് ടാങ്കുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് ഇ -ടോയ്‌ലെറ്റ് സംവിധാനം ഒരുക്കാന്‍ പഞ്ചായത്ത് വനം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കണം.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും അത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനും ജല അതോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണം. നദികളിലെ മലിനീകരണതോത് സ്ഥിരമായി നിരീക്ഷിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച ടെണ്ടര്‍ ജോലികളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിരത്തുകളില്‍ ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അപകട സാധ്യതയുളള കടവുകളില്‍ തീര്‍ത്ഥാടകര്‍ക്ക് അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നടപടി സ്വീകരിക്കേണ്ടത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എരുമേലി പഞ്ചായത്തിന് അനുവദിച്ച തുക സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
തീര്‍ത്ഥാടന കാലത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിക്കണം.
കോട്ടയം മെഡിക്കല്‍ കോളജില്‍ അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ തക്കവണ്ണം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരും അളവു തൂക്കങ്ങളിലെ തട്ടിപ്പു തടയുന്നതിന് ലീഗല്‍ മെട്രോളജി വിഭാഗവും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എ.ഡി.എം കെ. രാജന്‍, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, കോട്ടയം ആര്‍.ഡി.ഒ കെ. രാംദാസ്, തഹസീല്‍ദാര്‍മാര്‍, ദേവസ്വം ബോര്‍ഡ് അധികൃതര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, അയ്യപ്പസേവാ സംഘം, എരുമേലി ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."