ഹാസ്യനാടകത്തിന്റെ രംഗവേദിയാണ് നിയമസഭയെന്ന തെറ്റിദ്ധാരണ മാറണം: സ്പീക്കര്‍
പാപ്പിനിശ്ശേരി: നിയമസഭ മുഴുനീള ഹാസ്യനാടകത്തിന്റെ രംഗവേദിയാണെന്ന തെറ്റായ സങ്കല്‍പമാണ് പൊതുജനങ്ങള്‍ക്കുള്ളതെന്നും അത് മാറണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്യാശ്ശേരി കെ.പി.ആര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മാതൃകാനിയമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അജ്ഞതയാണ് പലപ്പോഴും ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നത്. വിവിധ വിഷയങ്ങളുടെ പേരില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷം അഞ്ചുമിനുട്ടിനുള്ളില്‍ സഭയിലേക്ക് തിരിച്ചുവരാറുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. നിയമസഭാ സമ്മേളനത്തോടെ തീരുന്നതല്ല നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍. അതിന്റെ കീഴില്‍ തുല്യ അധികാരത്തോടെയുള്ള 36 നിയമസഭാ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചകളിലുമാണ് ഇവ യോഗം ചേരുന്നത്.
രാജ്യത്തിന്റെ പുരോഗതിക്കനിവാര്യവും ജനഹിതങ്ങള്‍ക്കനുസൃതവുമായ സുപ്രധാന നിയമനിര്‍മാണങ്ങളും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഗൗരവത്തോടെ നടക്കുന്ന ഇടം കൂടിയാണ് നിയമസഭ. എന്നാല്‍ പലപ്പോഴും ചാനലുകളിലെ ആക്ഷേപ ഹാസ്യപരിപാടികളായാണ് നിയമസഭാ വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത്. അവിടെ നടക്കുന്ന ഗൗരവതരവും ജനോപകാരപ്രദവുമായ കാര്യങ്ങളും അതോടൊപ്പം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും സ്പീക്കര്‍ പറഞ്ഞു.
മാതൃകാ നിയമസഭയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ നിയമസഭാ സമ്മേളനം നേരില്‍ കാണാന്‍ അവസരം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജയിംസ് മാത്യു എം.എല്‍.എ, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, നിയമസഭാ സെക്രട്ടറി വി.കെ ബാബുപ്രകാശ്, ഇ.കെ നായനാരുടെ പത്‌നി ശാരദ പങ്കെടുത്തു. കുഞ്ഞിമംഗലം ഗവ. എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായി പാവനാടകവും കലാപരിപാടികളും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."