കരുവാരകുണ്ട് പഞ്ചായത്ത്: കോണ്‍ഗ്രസില്‍ പ്രസിഡന്റ് പദത്തിന് വടംവലി
കരുവാരകുണ്ട്: മുസ്‌ലിംലീഗ് തനിച്ച് ഭരിക്കുന്ന കരുവാരകുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ലീഗുമായി നടത്തിവന്നിരുന്ന ഐക്യശ്രമം തുടക്കത്തിലേ പാളിയതായി സൂചന. ഭരണ കാലാവധി തീരുന്നതിനു മുന്‍പ് ഒന്നര വര്‍ഷം കോണ്‍ഗ്രസിന് ഭരണ നേതൃത്വം നല്‍കാമെന്ന് ലീഗുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലുള്ളിലുണ്ടായ വടംവലിയാണ് ലീഗുമായി നടത്തിയ ഐക്യശ്രമം അനിശ്ചിതത്വത്തിലായത്. സീനിയോറിറ്റി പരിഗണിച്ച് പ്രസിഡന്റ് പദം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
അങ്ങനെയെങ്കില്‍ ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന കുട്ടത്തിയില്‍ നിന്ന് വിജയിച്ച കുര്യച്ചന്‍ കോലഞ്ചേരിക്കായിരുന്നു സാധ്യത. എന്നാല്‍ അദ്ദേഹം പാര്‍ട്ടിക്ക് വിധേയനല്ലെന്ന ആരോപണം ഉയര്‍ന്നു വന്നതോടെ അദ്ദേഹത്തിന്റെ സാധ്യതയും മങ്ങി. തുടര്‍ന്ന് വി.ആബിദലിയും വി.ഷബീറലിയും പ്രസിഡന്റ് പദത്തിന് യോഗ്യരാണന്ന് ചൂണ്ടിക്കാട്ടി ഇരുവിഭാഗങ്ങള്‍ അവകാശവാദമുയര്‍ത്തി മുന്നോട്ടുവരുകയും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു.
ഇതിനിടെ മധ്യസ്ഥന്‍മാര്‍ ഇടപെട്ട് ഇരു വിഭാഗത്തെയും അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. കുര്യച്ചനെ മാറ്റി നിര്‍ത്തിയാല്‍ അടുത്ത സീനിയര്‍ സ്ഥാനത്തെത്തുന്നത് വി. ആബിദലിയാണ്. അദ്ദേഹത്തിനെതിരെയും ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുകയായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായം നഷ്ടപ്പെട്ട സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് ആബിദലിയുടെയും ഷബീറലിയുടെയും പേരെഴുതി നറുക്കിട്ട് തീരുമാനിക്കാമെന്നാശയവുമായി ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്രേ. എന്നാല്‍ ഭരണകാലാവധി കഴിയുന്നതുവരെ നിലവിലുള്ള ഭരണം തുടരട്ടെയെന്ന ആശയമാണ് യൂത്ത് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കുമുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കരുവാരകുണ്ട് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."