വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരേ ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്നം കാണുന്നവര്‍ വിമാനം കയറുന്നതിനുമുന്‍പ് തൊഴില്‍ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ എംബസികള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ വിദേശത്തുള്ളവരെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടാവും.
മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ കൃത്യമായ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുണ്ടാവണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടനാപ്രവര്‍ത്തകരും മറ്റും എംബസികളെ സമീപിക്കുമ്പോള്‍ ശല്യക്കാരെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന എംബസി ഉദ്യോഗസ്ഥരുണ്ട്. അതുപാടില്ല. പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസികള്‍. വിദേശത്ത് കേസുകളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം.
വിദേശത്തേക്കു ജോലിക്കു പോകുന്നവര്‍ക്കായി പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ജന. വി.കെ. സിങ് പറഞ്ഞു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, കേന്ദ്ര വിദേശ കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഡി.എം. മുലേ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."