സാങ്കേതിക സര്‍വകലാശാല ഉടച്ചുവാര്‍ക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ഉടച്ചുവാര്‍ക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. കുത്തഴിഞ്ഞ ഭരണവും ചട്ടലംഘനങ്ങളും അവസാനിപ്പിക്കാനും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മവര്‍ധിപ്പിക്കുവാനുമാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നത്.
പുന:സംഘടന സംബന്ധിച്ച കരട് ഓര്‍ഡിനന്‍സിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം അവസാനത്തോടെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. ഓര്‍ഡിനന്‍സ് വരുന്നതോടെസാങ്കേതിക സര്‍വകലാശാലയുടെ ഭരണത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടാകും.
അക്കാദമിക് സമിതികളില്‍ തെരഞ്ഞെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരിക്കും തീരുമാനം എടുക്കുകയും ചെയ്യുക. സമിതികളില്‍ അധ്യാപക, വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കും. സാമ്പത്തിക നടപടി ക്രമങ്ങള്‍ സുതാര്യമാക്കാന്‍ ഫിനാന്‍സ് കമ്മിറ്റിയും സ്റ്റുഡന്റ് കമ്മിറ്റിയും രൂപീകരിക്കും. പരീക്ഷ നടത്തിപ്പിലോ ഫല പ്രഖ്യാപനത്തിലോ പിഴവുകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
ഓരോ വര്‍ഷവും സ്വാശ്രയ എന്‍ജിനിയറിങ് കോളജുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കുന്നതിനു മുന്‍പ് കര്‍ശന പരിശോധന ഉറപ്പാക്കും. വൈസ് ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തും. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ഗുണനിലവാരം കുറഞ്ഞ കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിന് നിബന്ധനകള്‍ കൊണ്ടു വരും. ഓര്‍ഡിനന്‍സ് ഇറങ്ങുന്നതോടെ ഉദ്യോഗസ്ഥരുടെ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയ്ക്ക് അവസാനം വരും.
സംസ്ഥാനത്തെ എല്ലാ എന്‍ജിനിയറിങ് കോളജുകളെയും ഒരു സ്വതന്ത്ര സര്‍വകലാശാലയുടെ കീഴിലാക്കാന്‍ വേണ്ടിയാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല ആരംഭിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തു. പിന്നീട് 2015 ജൂലൈ 28ന് കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. സംസ്ഥാനത്ത് സാങ്കേതിക ശാസ്ത്ര സംബന്ധമായ നയരൂപീകരണത്തിനും എന്‍ജിനിയറിങ് ആസൂത്രണത്തിനും നേതൃത്വം നല്‍കുക, എന്‍ജിനീയറിങ് ശാസ്ത്രങ്ങള്‍, സാങ്കേതിക ശാസ്ത്രം, മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പരിപാടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, എന്‍ജിനിയറിങ് കോളജുകളുടെ അക്കാദമിക നിലവാരം വിലയിരുത്തുക തുടങ്ങിയവയായിരുന്ന സര്‍വകലാശാലയുടെ രൂപീകരണം ലക്ഷ്യമിട്ടിരുന്നത്.
സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന് തുല്യമായ ഗവേണിങ് കൗണ്‍സിലാണുള്ളത്. സര്‍വകലാശാലയുടെ പൂര്‍ണാധികാരം വൈസ് ചാന്‍സിലര്‍ക്ക് നല്‍കുകയും ചെയ്തു.
ഗവേണിങ് കൗണ്‍സിലില്‍ രാഷ്ട്രീയ സ്വാധീനം വച്ച് സ്വകാര്യ സ്വാശ്രയ ലോബികള്‍ കയറിക്കൂടിയതോടെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളംതെറ്റിയത്. ചട്ടം ലംഘിച്ച് നിരവധി കാര്യങ്ങള്‍ ചെയ്തത് സര്‍വകലാശാലയെ ദോഷകരമായി ബാധിച്ചു.
മാത്രമല്ല പരീക്ഷ നടത്തിപ്പ് തന്നെ തകിടംമറിച്ചു. സര്‍വകലാശാല നിയമം അനുസരിച്ചുള്ള സ്റ്റാറ്റിയൂട്ട് ഇല്ലാതെയാണ് സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്നത്. പണം ഇടപാടും സുതാര്യമല്ലായിരുന്നു. ഇടപാടുകളെല്ലാം വൈസ് ചാന്‍സിലര്‍ നേരിട്ടാണ് നടത്തിയിരുന്നത്. ഇടപാടുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കാതെ വി.സി നേരിട്ട് ഓണ്‍ലൈന്‍ വഴി ട്രാന്‍സാക്ഷന്‍ നടത്തുകയാണ് ചെയ്യുന്നത്. കൂടാതെ പരീക്ഷ നടത്തിപ്പിലും ക്രമക്കേട് നടന്നു. സര്‍വകലാശാല രൂപീകരിച്ചതിനു ശേഷം ആദ്യമായി വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുടെ കൂമ്പാരമായിരുന്നു.
സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ സേവനങ്ങളുടെ പേരില്‍ കോടികളാണ് വര്‍ഷം തോറും നഷ്ടമാകുന്നത്. രജിസ്ട്രാര്‍ പോലും അറിയാതെയാണ് ഇടപാടുകളെല്ലാം നടക്കുന്നത്. ഇതിന് മാറ്റം വരുത്തി മികച്ച സര്‍വകലാശാലയാക്കി മാറ്റാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."