രാജ്യത്താകെ വില ഏകീകരണത്തിന് ആവശ്യപ്പെടുമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അമേരിക്കയിലെ ഇര്‍മ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉല്‍പാദനം 13 ശതമാനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ എണ്ണക്കമ്പനികളുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
രാജ്യമാകെ ഏക വില കൊണ്ടുവരാനും വിലവര്‍ധന പിടിച്ചുനിര്‍ത്താനും പെട്രോളിനേയും ഡീസലിനേയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധര്‍മ്മേന്ദ്രപ്രധാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിവസേനയുള്ള വില നിര്‍ണയം സുതാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ സര്‍വകാല റെക്കോഡ് കുറിച്ചത് 2013 സെപ്റ്റംബര്‍ 14നാണ്. എന്നാല്‍ അന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 114.44 ഡോളറായിരുന്നു. രാജ്യത്ത് ഏറ്റവും കൂടിയ നിരക്കില്‍ പെട്രോള്‍ വില നിലനില്‍ക്കുന്നത് മുംബൈയിലാണ്. ഇവിടെ ലിറ്ററിന് 80 രൂപയുടെ അടുത്തെത്തിയിട്ടുണ്ട്. മുംബൈയില്‍ പെട്രോളിന് ഇന്നലത്തെ വില 79.41 രൂപയായിരുന്നു. കേന്ദ്ര-സംസ്ഥാന നികുതികള്‍ക്കുപുറമെ സെസ് എന്ന പേരില്‍ മൂന്ന് രൂപ അധികം ചേര്‍ത്താണ് ഇവിടെ പെട്രോള്‍ വില്‍ക്കുന്നത്. കേരളത്തിലെ പെട്രോള്‍ വിലയാകട്ടെ ഇന്നലെ 78.41 മുതല്‍ 79.01 രൂപ വരെയായിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇപ്പോള്‍ ബാരലിന് 54 ഡോളറിനടുത്താണ്. ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുറഞ്ഞിട്ടും ഇതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ ജൂണ്‍ 15നാണ് ദിവസേന വില പുതുക്കി നിശ്ചയിക്കുന്ന രീതി(ഡൈനാമിക് പ്രൈസിങ്ങ് സിസ്റ്റം) ഇന്ത്യയില്‍ നടപ്പാക്കിയത്. വില നിര്‍ണയത്തില്‍ പുതിയ രീതി നടപ്പാക്കിയ ആദ്യ ആഴ്ചയില്‍ പെട്രോളിന് രണ്ടര രൂപയോളം കുറവ് വന്നിരുന്നു. പിന്നീടാണ് വില ദിവസംതോറും കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ പെട്രോളിന് ലിറ്ററിന് 63 രൂപയായിരുന്നു വില.
മാസത്തില്‍ രണ്ടുതവണ പെട്രോള്‍, ഡീസല്‍ വില അവലോകനം ചെയ്തിരുന്ന 15 വര്‍ഷം നീണ്ട രീതി അവസാനിപ്പിച്ചാണ് മോദി സര്‍ക്കാര്‍ ദിവസേന വില പുനര്‍നിര്‍ണയിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.
ഇര്‍മ ചുഴലിക്കാറ്റ് എണ്ണ ഉല്‍പാദനത്തില്‍ 13 ശതമാനമാണ് കുറവാണ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. പെട്രോള്‍ വില കുതിച്ചുയരുന്നത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളതെങ്കിലും വിലവര്‍ധനവെന്നത് ശരിയല്ലെന്നാണ് മന്ത്രിയുടെ വാദം. അതേസമയം പെട്രോള്‍ വില 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ പെട്രോളിന് ഏഴുരൂപ കൂടിയപ്പോള്‍ ഡീസലിന് നാല് രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര തലത്തില്‍ വില താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ വില ദിവസവും കൂടിക്കൊണ്ടേയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."