സംയുക്ത കര്‍ഷകസമിതി മേഖലാ ജാഥയ്ക്ക് 16ന് തൊടുപുഴയില്‍ സ്വീകരണം
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത കര്‍ഷകസമിതി നേതൃത്വത്തില്‍ നടത്തുന്ന മേഖലാ പ്രചാരണ ജാഥയ്ക്ക് 16ന് വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനയില്‍ സ്വീകരണം നല്‍കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഭാഗമലയി ജില്ലയില്‍ കട്ടപ്പന ഹെഡ് പോസ്‌റ്റോഫിസിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വിളകള്‍ക്ക് കൃഷിച്ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത് താങ്ങുവില നല്‍കി സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
പ്രക്ഷോഭപരിപാടികളുടെ മുന്നോടിയായി സംസ്ഥാനത്ത് നാല് പ്രചാരണ ജാഥകളാണ് പര്യടനം നടത്തുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ 16മുതല്‍ 20 വരെയാണ് ജാഥാ പര്യടനം. 16ന് രാവിലെ ഒമ്പതിന് മന്ത്രി എം.എം മണി ജാഥ ഉദ്ഘാടനം ചെയ്യും. ചെറുതോണി, നെടുങ്കണ്ടം, ഉപ്പുതറ, തൊടുപുഴ എന്നവിടങ്ങളിലാണ് ജില്ലയില്‍ സ്വീകരണം.
ഈ ജാഥയില്‍ മലയോര മേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുക, പട്ടയ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ക്യാപ്റ്റനായ ജാഥയില്‍ ഗോപി കോട്ടമുറിക്കല്‍, എം.കെ ദിലീപ്, പ്രൊഫ. എം.ടി ജോസഫ്, സി.വി വര്‍ഗീസ്, മാത്യു വര്‍ഗീസ്, ബെന്നി മുഞ്ഞേലി, മാത്യൂസ് കോലഞ്ചേരി എന്നിവര്‍ അംഗങ്ങളാണ്. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, തൊടുപുഴ നിയോജകമണ്ഡലം സംഘാടകസമിതി കണ്‍വീനര്‍ എം.ആര്‍ സഹജന്‍, ചെയര്‍മാന്‍ കെ.കെ ഷംസുദ്ദീന്‍, വൈസ് ചെയര്‍മാന്‍ കെ.ആര്‍ ഷാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."