വായ്പകള്‍ എഴുതിതള്ളാന്‍ തുക അനുവദിക്കണം
കാസര്‍കോട്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ പ്രഖ്യാപിച്ച വായ്പകള്‍ എഴുതിതള്ളുന്നതിനു ബന്ധപ്പെട്ട ബാങ്കുകള്‍ക്കു തുക അനുവദിക്കണമെന്ന നിര്‍ദേശം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലക്ടറേറ്റു കോണ്‍ഫറന്‍സ് ഹാളില്‍ സമിതി നടത്തിയ സിറ്റിങില്‍ കാസര്‍കോട് കസബ ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ പരിമിതികളും പരാധീനതകളും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട് മത്സ്യ ബന്ധന തുറമുഖത്തു വള്ളങ്ങള്‍ പ്രവേശിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിലേക്കു നിര്‍ദേശം സമര്‍പ്പിക്കുമെന്നു സമിതി ചെയര്‍മാന്‍ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധിയില്‍ മത്സ്യവില്‍പനക്കാരായ സ്ത്രീകളെയും തൊഴിലാളികളുടെ വിധവകളേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സമിതിക്കു നിവേദനം നല്‍കി.
മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി റേഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോട്ടിക്കുളം ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിനു സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക ലഭ്യമാക്കണമെന്നും സമിതിക്കു നിവേദനം നല്‍കി. ബേക്കല്‍ കോട്ടിക്കുളം മത്സ്യഗ്രാമം അനുവദിക്കണം. മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്തെ 14 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമിക്കു പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടും നിവേദനം നല്‍കി. കോട്ടിക്കുളത്തു തണല്‍ പന്തലിനായി റവന്യു വകുപ്പ് കൈമാറിയ ഭൂമിയില്‍ നിര്‍മാണം ആരംഭിക്കാന്‍ തീരദേശ വികസന കോര്‍പറേഷനു സമിതി നിര്‍ദേശം നല്‍കി. ഡപ്യുട്ടി കലക്ടര്‍ എന്‍. ദേവിദാസ് നിയമസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി കെ.വി സജീവന്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. സമിതിക്കു ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുക ള്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തുന്നതായും സമിതി വിലയിരുത്തി. സമയബന്ധിതമായി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.സമിതി ചെയര്‍മാന്‍ സി. കൃഷ്ണന്‍ അധ്യക്ഷനായി. സമിതി അംഗങ്ങളായ സി.കെ നാണു, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം. നൗഷാദ്, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."