കടത്തുകൂലി കുത്തനെ കൂട്ടി; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
കുട്ടനാട്: കാവാലം തട്ടാശേരി കടത്തുകടവില്‍ ഇന്നു മുതല്‍ കടത്തുകൂലി വര്‍ധിപ്പിക്കാന്‍ തീരുമാനം. തീരുമാനത്തിനെതിരെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായി.
ഇന്നലെ വരെ ഒരാള്‍ക്ക് രണ്ടു രൂപയായിരുന്ന കടത്തുകൂലിയാണ് ഇന്നു മുതല്‍ മൂന്നു രൂപയായി വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസും കടത്തുകടവില്‍ പതിച്ചുകഴിഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കടത്തുകൂലി കുത്തനെ കൂട്ടിയത് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ദിവസേന ആയിരക്കണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
പുലര്‍ച്ചെ അഞ്ചിനാണ് സാധാരണ ഇവിടെ കടത്തു സര്‍വീസ് ആരംഭിക്കുന്നത്. കാവാലം ബസ്റ്റാന്‍ഡില്‍ നിന്നും ആറുമണിക്കുള്ളില്‍ നാലു കെ.എസ്.ആര്‍.ടി.സി സര്‍വീസുകളാണുള്ളത്. കുന്നുമ്മ, കണ്ണാടി പ്രദേശങ്ങളില്‍ നിന്നും നിരവധി യാത്രക്കാരാണ് കടത്തുവള്ളങ്ങളെ ആശ്രയിക്കുന്നത്. പുലര്‍ച്ചെ മുതല്‍ ആറു മണി വരെ അഞ്ചു രൂപയാണ് യാത്രക്കാരില്‍ നിന്നും കടത്തുകൂലി ഈടാക്കുന്നത്. രാത്രികാലങ്ങളിലും അമിത കൂലി ഈടാക്കുന്നുണ്ട്. കാവാലത്തേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഒടുവിലത്തെ സര്‍വീസ് രാത്രി 10.45 നാണ് ബസ് സ്റ്റാന്‍ഡിലെത്തുന്നത്.
എന്നാല്‍ ഈ സര്‍വീസിലെത്തുന്ന് യാത്രക്കാര്‍ക്ക് മിക്കവാറും മറുകര കടക്കാന്‍ സാധിക്കാറില്ല. അതിനു മുന്‍പ് കടത്തുവള്ളക്കാര്‍ സര്‍വീസ് അവസാനിപ്പിച്ചു പോകുകയാണെന്നാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസവും രാത്രി പത്തിനുശേഷം കടവിലെത്തിയ യുവദമ്പതികള്‍ വള്ളമില്ലാത്തതു മൂലം കടത്തിണ്ണയില്‍ ഉറങ്ങേണ്ടി വന്നിരുന്നു.
കടത്തുവള്ളത്തിനു കൂലി വര്‍ത്ഥിപ്പിക്കുന്നതിനൊപ്പം ജങ്കാര്‍ സര്‍വീസ് നടത്തുന്നവരും കൂലി വര്‍ത്ഥിപ്പിക്കും. നേരത്തെ 12 വള്ളങ്ങള്‍ വരെയുണ്ടായിരുന്ന കടവില്‍ ഏതാനും വര്‍ഷങ്ങളായി മൂന്നു വള്ളങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വള്ളങ്ങളുടെ കുറവും, ടേണ്‍ സംവിധാനവും മൂലം ഇരുപതിലധികം യാത്രക്കാരെ വരെ കയറ്റിയുള്ള അപകട യാത്രയാണ് ഇവിടെ നടക്കുന്നതെന്നും പരാതിയു്ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."