ഓടകളിലെ മാലിന്യനീക്കം തുടരുന്നു; അഞ്ചുദിവസംകൊണ്ട് 54 ലോഡ് നീക്കി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തമ്പാനൂരിലും പരിസരങ്ങളിലുമുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നഗരത്തിലെ ഓടകളിലെയും തോടുകളിലെയും മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 54 ലോഡ് മാലിന്യമാണ് നീക്കം ചെയ്തത്. ഇതില്‍ 40 ഓളം ലോഡ് മാലിന്യം നീക്കം ചെയ്തത് തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോടില്‍ നിന്നായിരുന്നു. തോടുകളിലെ മാലിന്യനീക്കത്തിന് ജലസേചനവകുപ്പും ഓടകളിലേതിന് കോര്‍പറേഷനുമാണ് നേതൃത്വം നല്‍കുന്നത്. വിവിധ സര്‍ക്കിളുകളായി തിരിച്ചാണ് പ്രവര്‍ത്തനം. പ്ലാസ്റ്റിക്മാലിന്യവും ഉപയോഗശൂന്യമായ തുണികളും അടിഞ്ഞ്് ഓടകളിലെ ഒഴുക്ക് തടസപ്പെട്ടതാണ് തമ്പാനൂരില്‍ വീണ്ടും വെള്ളം പൊങ്ങുന്നതിന് കാരണമായത്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ല കലക്ടര്‍ ഡോ കെ വാസുകിയുടെ മേല്‍നോട്ടത്തില്‍ ദുരന്തനിവാരണ വിഭാഗമാണ് മാലിന്യനീക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മേയര്‍ വി.കെ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ ബീച്ച്, ചാല, സെക്രട്ടേറിയറ്റ്, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ സര്‍ക്കിളുകളുടെ നേതൃത്വത്തിലാണ് മാലിന്യ നീക്കം നടക്കുന്നത്. 100 വാര്‍ഡുകളിലെയും ഓടകള്‍ മാലിന്യവിമുക്തമാക്കുന്നതിനുള്ള നടപടികളുമായാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. മാലിന്യവിമുക്തമാക്കിയ ശേഷവും ഓടകളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ അകന്നു നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുന്നതുവരെ നടപടികള്‍ തുടരുമെന്ന് ഏകോപനചുമതലയുള്ള ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ. വിജയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."