രോഗം പരത്തി നഗരത്തില്‍ മാലിന്യച്ചാല്‍
കോഴിക്കോട്: നഗരമധ്യത്തില്‍ രോഗംപരത്തുന്ന കേന്ദ്രമായി മാലിന്യച്ചാല്‍. റെയില്‍വേ സ്റ്റേഷന്റെ പിറകുവശത്തെ ഫ്രാന്‍സിസ് റോഡ് ഇരുമ്പുപാലം-പള്ളിപ്പറമ്പ് റോഡിലാണു നഗരത്തിലെ എല്ലാവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്നത്. ട്രെയിന്‍ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ തള്ളുന്ന ടാങ്കില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെയാണ് ഒഴുക്കിവിടുന്നത്. ഇരുപതോളം വീട്ടുകാരും ലൈന്മുറികളുമുള്ള ഈ ഭാഗത്തുകൂടി മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
മാലിന്യച്ചാല്‍ ഒഴുകി കല്ലായി പുഴയിലാണു സംഗമിക്കുന്നത്. നഗരത്തിലെ കുടിവെള്ള സ്രോതസായ കല്ലായി പുഴയും ഇതുകാരണം മലിനമാവുകയാണ്.
ഇരുമ്പുപാലം പള്ളിപ്പറമ്പ് റോഡിലെ വീടുകളിലെല്ലാം കിണറുകളുണ്ടെങ്കിലും മാലിന്യച്ചാലിനു സമീപത്തായതിനാല്‍ ആരും കുടിവെള്ളത്തിന് ഉപയോഗിക്കുന്നില്ല. അലക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമാണു വര്‍ഷങ്ങളായി ഇവിടുത്തെ വീട്ടുകാര്‍ സ്വന്തം കിണര്‍വെള്ളം ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റി വഴിയുള്ള പൈപ്പുവെള്ളമാണു കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കൊതുകുശല്യവും അസഹ്യമാണ്. രോഗംപരത്തുന്ന കൊതുകുകളെ കൊണ്ട് സഹിക്കാനാവുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കോര്പറേഷന് അധികൃതര്‍ ഇടപെട്ട് റെയില്‍വേ മാലിന്യമടക്കം തള്ളുന്നതു നിര്‍ത്തണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."