സര്‍ക്കാര്‍ കനിയണം മഞ്ഞപ്പുല്ലിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ ശോച്യാവസ്ഥയില്‍
ആലക്കോട്: അപകടാവസ്ഥയിലായി കാപ്പിമല മഞ്ഞപ്പുല്ലിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിവസേന മഞ്ഞപ്പുല്ല് വഴി വൈതല്‍മല സന്ദര്‍ശിക്കാന്‍ എത്തുന്നത്. കൗണ്ടറില്‍ നിന്നു ടിക്കറ്റ് എടുത്താല്‍ മാത്രമേ മുകളിലേക്ക് പ്രവേശനമുള്ളൂ. ടിക്കറ്റ് വിതരണം ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഒരു താല്‍ക്കാലിക ജീവനക്കാരനെ ഇവിടെ നിയമിച്ചിട്ടുണ്ട്. ഈറ്റകളും മരക്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച ചുമരിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. മഴയത്ത് നനയാതിരിക്കണമെങ്കില്‍ കുട തുറന്നു പിടിക്കണം. പരിശോധനയ്‌ക്കെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കണമെങ്കിലും ഈ കെട്ടിടമാണ് ശരണം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചന തുടങ്ങിയിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ചെങ്കിലും നനയാതെ കയറി നില്‍ക്കാനുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."