വളപട്ടണം ബാങ്ക് വെട്ടിപ്പ്: പിടിയിലായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ വാങ്ങും
കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കില്‍ നിന്നു മൂന്നുവര്‍ഷം മുന്‍പ് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നു പിടിയിലായ മാനേജരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. വളപട്ടണം സഹകരണ ബാങ്ക് മന്ന ബ്രാഞ്ച് മുന്‍ മാനേജര്‍ കണ്ണൂര്‍ പാറക്കണ്ടിയിലെ ജംസ് ഹൗസില്‍ മുഹമ്മദ് ജസീലിനെയാണ്(28) തെളിവെടുപ്പിനായി കേസന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുക. ഇതിനായി ഡിവൈ.എസ്.പി. പി.പി സദാനന്ദന് കോടതിയില്‍ അടുത്തദിവസം തന്നെ അപേക്ഷ നല്‍കും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ജസീലിനെ അറസ്റ്റു ചെയ്തതോടെ അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കുറ്റപത്രം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. കണ്ണൂര്‍, വളപട്ടണം, മയ്യില്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളില്‍ ജസീല്‍ പ്രതിയാണ്. ചില കേസുകളില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക പ്രശ്നമാണ് ബാങ്ക് തട്ടിപ്പിന് കാരണമെന്നാണ് ജസീലിന്റെ മൊഴി. ബാങ്കില്‍ നിന്നു വന്‍ ധനാപഹരണം നടത്തിയശേഷം ജസീല്‍ ബാങ്കോക്കിലേക്ക് മുങ്ങുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പൊലിസ് ജസീലിനെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."